മസ്കത്ത്: രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ ഒമാനിൽ മരിച്ചവരുടെ എണ്ണം ആറായി. വിവിധ ഗവർണറേറ്റുകളിലെ വാദികളിൽ അകപ്പെട്ട് തിങ്കളാഴ്ച കാണാതായ സ്ത്രീയുൾപ്പെടെ മൂന്നുപേരുടെ മൃതദേഹമമാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി കണ്ടെടുത്തത്. ദാഖിലിയ ഗവർണറേറ്റിലെ ഇസ്ക്കി വിലായത്തിലെ വാദിയിൽ കാണാതായ സ്ത്രീ, ജബൽ അഖ്ദറിൽ വാദിയിൽ കാണാതായ ആൾ, ദാഹിറ ഗവർണറേറ്റിലെ യാങ്കൂൾ വിലായത്തിലെ വാദി ഗയ്യയിൽ അകപ്പെട്ടയാൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച റുസ്താഖിലെ വാദി ബനീ ഗാഫിറില് അകപ്പെട്ട് മൂന്നു കൂട്ടികൾ മരിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി പെയ്തിരുന്ന മഴക്ക് ചൊവ്വാഴ്ചയോടെ ശമനമുണ്ടായി. തലസ്ഥാന നഗരിയിൽ രാവിലെ മുതലേ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. മുൻ കരുതൽ നടപടികളുടെ ഭാഗമായി ദോഫാർ, അൽവസ്ത, മുസന്ദം ഒഴികെയുള്ള ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി നൽകിയിരുന്നു. ബുധനാഴ്ചയോടെ ക്ലാസുകൾ പുനരാരംഭിക്കും. മഴ ദുർബലമായതിനാൽ നാഷനൽ സെൻറർ ഫോർ എമർജൻസി സിറ്റുവേഷൻ മാനേജ്മെൻറിന്റെയും അതിന്റെ അനുബന്ധ ഉപ കമ്മിറ്റികളുടെയും അടിയന്തര പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.
മണ്ണുകളും കല്ലുകളും നീക്കി മുനിസിപ്പാലിറ്റികൾ
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിലെ റോഡുകളിലേക്ക് വീണ മണ്ണുകളും കല്ലുകളും നീക്കുന്ന പ്രവർത്തനങ്ങൾ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് ഇവ നീക്കം ചെയ്യുന്നത്. വാദി അൽ സർമിയിലെ അൽ ധുവൈഹാർ പട്ടണത്തിലേക്കുള്ള റോഡിലെ മലയിടിച്ചിൽ ബാത്തിന മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. ഗവർണറേറ്റിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യേക വർക്ക് ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്ന് ബുറൈമിയിലെ മുനിസിപ്പാലിറ്റി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. ബദർ ബിൻ സെയ്ഫ് അൽ യസീദി അറിയിച്ചു. റോഡുകളുടെ അറ്റകുറ്റ പണികൾ, അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയവക്ക് പ്രാധാന്യം നൽകിയാണ് ജീവനക്കാർ പ്രവർത്തിക്കുന്നത്. ഗതാഗത പുനഃസ്ഥാപനവും ശുചീകരണവും ലക്ഷ്യമിട്ട് മുനിസിപ്പൽ ജീവനക്കാർ രാവിലെയും വൈകുന്നേരവും രണ്ടു ഷിഫ്റ്റുകളിലായി വിശ്രമമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഇടങ്ങളിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിലും റോഡുകളിൽ കെട്ടിക്കിടക്കുന്ന വെള്ളങ്ങളും മറ്റും നീക്കം ചെയ്തു. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലും വിവിധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
കനത്ത മഴയെ തുടർന്ന് രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി 207 വൈദ്യുതി തടസ്സങ്ങൾ അനുഭവപ്പെട്ടതായി നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് അടിസ്ഥാന സേവന വിഭാഗം അറിയിച്ചു. ഇതിൽ 202 തടസ്സങ്ങൾ വിജയകരമായി പരിഹരിച്ചു. ശേഷിക്കുന്നവ ഉടൻതന്നെ പരിഹരിക്കുമെന്നും അറിയിച്ചു.
അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് വാദിയിൽ ഇറങ്ങിയ 36 പേരെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറസ്റ്റ് ചെയ്തു. ദാഖിലിയ ഗവർണറേറ്റിലെ വിവിധ വാദികളിൽ ഇറങ്ങിയവരെയാണ് ആർ.ഒ.പി പിടികൂടിയത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
കനത്ത മഴയിൽ വാദിയിൽ അകപ്പെട്ടവ നിരവധിപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ചൊവ്വാഴ്ചയും രക്ഷിച്ചു. ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ വാദിയിൽ വാഹനത്തിൽ കുടുങ്ങിയ ഏഴംഗ കുടുംബത്തെയും വടക്കൻ ശർഖിയ ഗവർണറേറ്റിെല സിനാവ് വിലായത്തിലെ വാദി അൽ ബത്തയ, ലിവ വിലായത്തിലെ വാദി നബറിൽനിന്ന് രണ്ടുപേരെയും രക്ഷിച്ചു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി ബുധനാഴ്ചയോടെ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നലുള്ള സമയത്ത് ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ തുടരണമെന്നും നിർദേശിച്ചു. ബുധനാഴ്ച ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്തേക്കും. മണിക്കൂറിൽ 28 മുതൽ 64 കി.മീറ്റർവരെ വേഗതയിൽ കാറ്റ് വീശിയേക്കും. വേണ്ട മുൻ കരുതൽ നടപടികൾ എടുക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.