മസ്കത്ത്: ശക്തമായ മഴയിലും ഇടിമിന്നലിലും അൽ ബാത്തിനയിൽ 200ലേറെ വീടുകൾക്ക് നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലെ സഹം വിലായത്തിലാണ് പ്രധാനമായും കെടുതിയുണ്ടായത്. മഴക്കെടുതി നേരിട്ട് മനസ്സിലാക്കുന്നതിന് സാമൂഹിക വികസന മന്ത്രി ലൈല അൽ നജ്ജാർ ബാത്തിനയിലെത്തി. മേഖലയിലെ വിവിധ സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തിയ മന്ത്രി നാശനഷ്ടങ്ങളുടെ വിശദാംശം ചോദിച്ചറിഞ്ഞു.
വീടുകൾ തകർന്ന സ്ഥലങ്ങൾ സന്ദർശിച്ച് കുടുംബങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കുവാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തമേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സന്നദ്ധസംഘടനകളെ സ്വാഗതം ചെയ്ത മന്ത്രി സാമൂഹിക വികസന വകുപ്പുമായി സഹകരിച്ച് നീങ്ങാൻ അവസരമൊരുക്കുമെന്നും അറിയിച്ചു.
നാശനഷ്ടമുണ്ടായ വീടുകളുടെ കണക്കുകൾ തയാറാക്കിവരുകയാണെന്ന് സഹമിലെ ഗവർണർ ശൈഖ് അവാദ് അൽ മന്ദരി പറഞ്ഞു. ഇതിനകം 200വീടുകളാണ് തകർന്നതായി കണ്ടെത്തിയതെന്നും സർവേ പൂർത്തിയായ ശേഷം കണക്കുകൾ മന്ത്രിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ കാറ്റും മഴയും ആലിപ്പഴവർഷവും ഇടിമിന്നലും നോർത്ത് ബാത്തിനയിൽ കനത്ത നഷ്ടം വരുത്തിയിട്ടുണ്ട്. വീടുകളും വാഹനങ്ങളും കാലികളും നഷ്ടപ്പെട്ടവരാണ് ഏറെയും.
കാറ്റിൽ നൂറുകണക്കിന് മരങ്ങൾ കടപുഴകിയിട്ടുണ്ട്. ഈന്തപ്പന, മാവ്, ഒലിവ്, വാഴ തുടങ്ങിയ കൃഷി വ്യാപകമായി നശിച്ചതായി കർഷകർ പറയുന്നു. വൈദ്യുതി-ടെലികോം സംവിധാനങ്ങളും വിവിധയിടങ്ങളിൽ കേടുപറ്റിയ അവസ്ഥയിലാണ്. മിക്കയിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായും ഗുരുതര പ്രശ്നങ്ങളുള്ള സ്ഥലങ്ങളിൽ ശ്രമം തുടരുകയാണെന്നും കഴിഞ്ഞദിവസം അധികൃതർ അറിയിച്ചിരുന്നു.
മസ്കത്ത്: വെള്ളിയാഴ്ച ഒമാനെ ബാധിച്ച അൽ അതായ ന്യൂനമർദം തിങ്കളാഴ്ചവരെ തുടരുമെന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. മഴക്കൊപ്പം വേഗതയുള്ള കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. മുസന്ദം ഗവർണറേറ്റിലും അൽ ഹജർ പർവതനിരകളിലും വടക്കൻ അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, മസ്കത്ത്, സൗത്ത് അൽ ശർഖിയ്യ എന്നിവയുടെ തീരപ്രദേശങ്ങളിലേക്കും മഴ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.
കനത്ത പൊടിക്കാറ്റിനും മഴയിൽ വെള്ളം നിറഞ്ഞ് ഒഴുകാനും സാധ്യതയുണ്ട്. മഴയും വാദിയും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതലെടുക്കണമെന്നും കടലിൽ പോകുന്നവർ കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.