മസ്കത്ത്: 30 വർഷത്തെ പ്രവാസജീവിതത്തിനൊടുവിൽ ഇന്ന് ആദ്യമായി രാജു നാട്ടിലെത്തുമ്പോൾ അതിന് പിന്നിൽ ഒരുപാട് കഥകളുണ്ട്. മൂന്നു പതിറ്റാണ്ടിനുശേഷം ഇതാദ്യമായി തിരുവനന്തപുരം സ്വദേശിയായ രാജു (55) ചൊവ്വാഴ്ച നാടിന്റെ സ്നേഹത്തണലിൽ അലിയും. ഒമാനിലെത്തി 30 വർഷത്തിനുശേഷം ആദ്യമായിട്ട് നാട്ടിൽപോകുമ്പോൾ എല്ലാം വിധിയാണെന്ന് പറഞ്ഞ് സ്വയം സമാധാനിക്കുകയാണ് തിരുവനന്തപുരം മുട്ടപ്പലം പെരിങ്കകുഴി സ്വദേശിയായ ഇദ്ദേഹം.
1992ൽ ആണ് സുൽത്താനേറ്റിൽ എത്തുന്നത്. നിർമാണമേഖലയിലായിരുന്നു ജോലി. പെയിന്റിങ്ങും വെൽഡിങ്ങുമായി രണ്ടു വർഷം ജീവിതം മുന്നോട്ടുപോയി. നാട്ടിലേക്ക് പോകാനായി ഒരുങ്ങിയെങ്കിലും ജോലി ചെയ്തിരുന്ന കമ്പനി ശമ്പളം നൽകിയില്ല. ഇതോടെ കൈയിൽ കാശില്ലാതെ എങ്ങനെ മടങ്ങുമെന്ന ചിന്തയിൽ നാട്ടിലേക്കുള്ള മടക്കം മാറ്റിവെക്കുകയായിരുന്നു. ഇതിനിടക്ക് വിസയുടെയും മറ്റ് രേഖകളുടെയും കലാവധി തീരുകയും ചെയ്തു. ഔട്ട്പാസിനായി ആദ്യകാലങ്ങളിൽ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, എന്തുകൊണ്ടോ നടന്നിരുന്നില്ലെന്നും പിന്നീട് നാട്ടിലേക്ക് പോകാൻ മനസ്സുവന്നില്ലെന്നും രാജു പറഞ്ഞു. സുഹാർ, സഹം, മുലന്ദ, മസ്കത്ത് വാദി കബീർ തുടങ്ങി ഒമാന്റെ മിക്ക ഭാഗങ്ങളിലും ഇത്ര കാലങ്ങളിൽ ജോലിചെയ്യാൻ സാധിച്ചെന്നത് ഏറ്റവും വലിയ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നാട്ടിൽ മക്കളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തതാണ് ഏറ്റവും വലിയ നിരാശ. നിലവിൽ എംബസിയുടെ ഔട്ട് പാസിലാണ് ചൊവ്വാഴ്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്നത്. ഇനിയുള്ള കാലം കുടുംബത്തിന്റെ കൂടെ കഴിയണമെന്നാണ് ആഗ്രഹമെന്ന് രാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.