മസ്കത്ത്: പുണ്യങ്ങൾ പൂത്തുലഞ്ഞ വിശുദ്ധമാസം വിടപറയുന്നതിന്റെ നോവുമായി വിശ്വാസികൾ റമദാനിലെ അവസാന വെള്ളിയാഴ്ചയോട് വിടപറഞ്ഞു. റമദാനിൽ ചെയ്ത മഹദ്കർമങ്ങൾ ദൈവസമക്ഷം സ്വീകരിക്കാനും പോരായ്മകൾ പൊറുത്തുതരാനും മനമുരുകി പ്രാർഥിച്ചാണ് മസ്ജദുകളിൽനിന്നിറങ്ങിയത്. മസ്ജിദുകളിലെ പ്രസംഗപീഠങ്ങളിൽ വിശുദ്ധ റമദാന് വിടചൊല്ലിക്കൊണ്ടുള്ള പ്രസംഗമാണ് നടന്നത്. റമദാന്റെ ചൈതന്യം കാത്തുസൂക്ഷിക്കണമെന്നും റമദാനിൽ വന്നുപോയ പിഴവുകൾ പൊറുത്തുതരാൻ ദൈവത്തോട് പ്രാർഥിക്കണമെന്നും ഇമാമുമാർ വിശ്വാസികളെ ഉണർത്തി.
ഈ റമദാനിലെ അവസാന ദിനം കൂടിയായിരുന്നു വെള്ളിയാഴ്ച. അതിനാൽ, വെള്ളിയാഴ്ച പ്രാർഥനകളിൽ പങ്കെടുക്കാൻ വിശ്വാസികൾ നേരത്തേതന്നെ ഇടം പിടിച്ചിരുന്നു. വിശ്വാസികൾ നേരത്തേതന്നെ എത്തിയതോടെ വെള്ളിയാഴ്ച പ്രാർഥന തുടങ്ങുന്നതിന് മുമ്പുതന്നെ മസ്ജിദുകൾ നിറഞ്ഞു.
പതിവിന് വിപരീതമായി വെള്ളിയാഴ്ച പ്രാർഥന കഴിഞ്ഞയുടൻ തന്നെ വിശ്വാസികൾ പിരിഞ്ഞു പോയിരുന്നു. പലരും പെരുന്നാൾ തിരക്കിലായതിനാൽ പ്രാർഥനക്ക് ശേഷം മസ്ജിദിൽ തങ്ങുന്നവരുടെ എണ്ണം കുറവായിരുന്നു. പെരുന്നാൾ ഒരുക്കങ്ങളുടെ ഭാഗമായി പർച്ചേസും മറ്റും നടത്തുന്നതിന്റെ തിരക്കിലായിരുന്നു പലരും. കുടുംബമായി താമസിക്കുന്നവർക്കാണ് പെരുന്നാൾ തിരക്ക് കൂടുതൽ ഉണ്ടായിരുന്നത്.
പല കുടുംബങ്ങളിലും പെരുന്നാളിന് ബന്ധുക്കളും സുഹൃത്തുക്കളും സന്ദർശകരായെത്തുന്നതിനാൽ അവർക്കുള്ള വിഭവങ്ങളും വാങ്ങേണ്ടതുണ്ടായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പുതു വസ്ത്രം, പെരുന്നാളിന്റെ മറ്റ് വിഭവങ്ങൾ വാങ്ങൽ എന്നിവയും, കുട്ടികളുടെ മൈലാഞ്ചിയിടൽ അടക്കം നിരവധി പെരുന്നാൾ ചര്യകൾ നടക്കുന്നതിനാൽ കുടുംബങ്ങൾ പെരുന്നാൾ പൊലിമയിലായിരുന്നു.
പെരുന്നാളിന്റെ പ്രധാന ഇനമായ സകാത്ത് ശേഖരണവും നടന്നിരുന്നു. പെരുന്നാൾ സകാത്ത് ചെറിയ കുട്ടികൾ അടക്കം എല്ലാ വിശ്വാസികൾക്കും നിർബന്ധമാണ്. റൂവി ഖാബൂസ് മസ്ജിദ് അടക്കമുള്ള മസ്ജിദുകളിൽ മതകാര്യ മന്ത്രാലയം തന്നെ പെരുന്നാൾ സകാത്ത് ശേഖരിക്കുന്നുണ്ടായിരുന്നു. പ്രവാസി സംഘടനകളും കൂട്ടായ്മകളും ഇത് ശേഖരിച്ച് നാട്ടിൽ അയക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.