മസ്കത്ത്: മോദിയടക്കം ആരുവന്ന് പ്രചാരണം നടത്തിയാലും തൃശൂരിൽ ബി.ജെ.പിക്ക് ജയിക്കാനാവില്ലെന്ന് ടി.എൻ. പ്രതാപൻ എം.പി. മസ്കത്തിൽ പ്രവാസികൂട്ടായ്മയുടെ പരിപാടിക്കെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. തൃശൂരിൽ ആരാണ് സ്ഥാനാർഥി എന്നുള്ളത് പാർട്ടി തീരുമാനിക്കും. ആരുവന്നാലും അവരെ വിജയിപ്പിക്കാൻ മുന്നിലുണ്ടാകും. എനിക്ക് വേണ്ടി പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകൾ മാറ്റാൻ ഞാൻ നിർദ്ദേശം നൽകിയിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മതി ഇത്തരം ചുവരെഴുത്തുകൾ എന്ന പാർട്ടി നിലപാടിന്‍റൊപ്പമാണ് ഞാൻ.
നിലവിൽ ദേശീയതലത്തിൽതന്നെ ശ്രദ്ധയുള്ള മണ്ഡലമായി തൃശൂർ മാറിയിട്ടുണ്ട്. 2019ന് ശേഷം മൂന്നുപ്രാവശ്യമാണ് മോദി തൃശൂരിൽ എത്തിയത്. ഇനിയും വരണം എന്നുതന്നെയാണ് അഭിപ്രായം. ഇതിലൂടെ തൃശൂരിന് കൂടുതൽ ശ്രദ്ധ കിട്ടും. അതുതന്നെയാണ് എന്‍റെയും ആഗ്രഹം. എം.പി എന്നനിലയിൽ മികച്ച രീതിയിൽതന്നെയാണ് മണ്ഡലത്തിൽ പ്രവർത്തിച്ചിട്ടുള്ളത്. ഏതെങ്കിലെയും മതത്തിന്‍റെയോ രാഷ്ട്രീയ പാർട്ടികളുടെയോ വക്താവാകാതെ എല്ലാ വിഭാഗങ്ങളുടയും ആളായിതന്നെയാണ് നിലകൊണ്ടത്. തൃശൂരിൽ കഴിഞ്ഞ വർഷമായിരുന്നു ഏറ്റവും കൂടുതൽ ശക്തമായ മത്സരം നടന്നത്. ഇത്തരം ടൈറ്റ് മത്സരങ്ങൾ എപ്പോഴും ആവേശവും പ്രവർത്തനത്തിന് കുടുതൽ ഊർജ്ജവും നൽകും.
ഫെബ്രുവരി നാലിന് കോൺഗ്രസ് പ്രസിഡന്റും പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ തൃശൂരിൽ പാർട്ടി പരിപാടിക്കായി എത്തും. ഒരുലക്ഷത്തിലധികം കോൺഗ്രസിന്‍റെ നേതാക്കൾ പങ്കെുക്കുന്ന പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തിലുടനീളമുള്ള ബൂത്ത് പ്രസിഡന്‍റു, വൈസ് പ്രസിഡന്‍റുമാർ, കോർഡിനേറ്റർമാർ തുടങ്ങിയവവരാണ് സംബന്ധിക്കുക.
കേന്ദ്ര അവഗണനക്കെതിരെ സംയുക്ത സമരമെന്ന മുഖ്യമന്ത്രിയുടെ നീക്കത്തിന്‍റെ രാഷ്ട്രീയം ഞങ്ങൾക്ക് മനസിലാകുന്നുണ്ട്. കേരളത്തിന്‍റെ വിഷയത്തിൽ യു.ഡി.എഫിന്‍റെ എം.പിമാർ വിവിധങ്ങളായ സമയങ്ങളിൽ ശബ്ദമുയർത്തുകയും നിവേദനം നൽകുകയും ചെയ്തതാണ്. എൽ.ഡി.എഫിന്‍റെ എം.പിമാരെ ഉൾപ്പെടുത്തി സംയുക്തമായി പലതവണ സമരങ്ങളും നടത്തിയയിട്ടുണ്ട്. കേരളമെന്നപൊതുവികാരം ഉയർത്തി പിടിച്ച് ഇനിയും മുന്നോട്ടും പോകും. സുരേഷ്ഗോപി അടുത്ത സൃഹൃത്തുക്കളിൽ ഒരാളാണെന്നും അദ്ദേഹം 80 ശതമാനം സിനിമ നടനും 20 ശതമാനം സാമൂഹിക പ്രവർത്തകനമാണെന്ന ബി.ജെ.പി നേതാവ് എം.ടി രമേശിന്‍റെ അഭിപ്രായത്തോടൊപ്പമാണ് ഞാനെന്നും ടി.എൻ പ്രതാപൻ എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.