മസ്കത്ത്: ഒമാനും ബ്രസീലും മസ്കത്തിൽ രാഷ്ട്രീയ ചർച്ചകൾ നടത്തി. ഒമാനി പക്ഷത്തെ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയും ബ്രസീലിയൻ പക്ഷത്തെ വിദേശകാര്യ മന്ത്രി മൗറോ വിയേരയും നയിച്ചു.
ഒമാനും ബ്രസീലും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50ാം വാർഷികം പ്രമാണിച്ച് വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ മേഖലകൾ ഇരുപക്ഷവും അവലോകനം ചെയ്തു.
സാമ്പത്തിക, വ്യാപാര പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും പര്യവേക്ഷണം ചെയ്തു.പുനരുപയോഗ ഊർജം, കാർഷിക മേഖലകളിലെ പരസ്പര നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം, വ്യാപാര വിനിമയം വർധിപ്പിക്കുന്നതിനും സംയുക്ത നിക്ഷേപങ്ങളുടെ അളവ് വർധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാനമായ സ്ഥാനം ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവ ഇരുപക്ഷവും അടിവരയിട്ട് പറഞ്ഞു.
പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും മേഖലയിലും ലോകത്തും പൊതുവെ സുരക്ഷയും സ്ഥിരതയും ഏകീകരിക്കാൻ നടത്തുന്ന സംയുക്ത ശ്രമങ്ങളെക്കുറിച്ചും സ്പർശിച്ചു. പ്രാദേശിക സ്ഥിരത വർധിപ്പിക്കുന്നതിൽ സുൽത്തേനേറ്റ് വഹിക്കുന്ന പങ്കിനെ ബ്രസീൽ മന്ത്രി അഭിനന്ദിച്ചു.
സംയുക്ത വികസനവും സമൃദ്ധിയും കൈവരിക്കുന്നതിനായി എല്ലാ തലങ്ങളിലുമുള്ള ബന്ധങ്ങൾ വർധിപ്പിക്കാനുള്ള തന്റെ രാജ്യത്തിന്റെ താൽപര്യവും അദ്ദേഹം പ്രകടിപ്പിച്ചു. മനുഷ്യരാശിക്ക് പ്രയോജനപ്പെടുന്ന നിരവധി അന്താരാഷ്ട്ര വിഷയങ്ങൾ സ്വീകരിക്കുന്നതിൽ ബ്രസീൽ നടത്തുന്ന ശ്രമങ്ങളെ സയ്യിദ് ബദർ അഭിനന്ദിച്ചു.
വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹർത്തിയും ഇരുഭാഗത്തുനിന്നുള്ള നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.