മസ്കത്ത്: ഇന്ത്യയുടെ 75ാം റിപ്പബ്ലിക്ക്ദിനാഘോഷത്തിന്റെ ഭാഗമായി സ്നേഹവിരുന്നൊരുക്കി മസ്കത്ത് ഇന്ത്യൻ എംബസി. ഇന്ത്യൻ സ്ഥാനപതി അമിത്നാരങ്ങിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് അൽ യൂസഫ് മുഖ്യാതിഥിയായി. വിദേശകാര്യ മന്ത്രാലയത്തിലെ ഭരണ-സാമ്പത്തികകാര്യത്തിനുള്ള അണ്ടർസെക്രട്ടറി ഖാലിദ് അൽമുസ്ലഹി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാരത്തിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള ഉപദേഷ്ടാവ് പങ്കജ് ഖിംജി, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.) ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല ബിൻ സഈദ് അൽ റവാസ്, മജ്ലിസ് ശൂറ അംഗങ്ങൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, മസ്കത്തിലെ മറ്റ് രാജ്യങ്ങളിലെ അംബാസഡർമാർ, ഒമാനിലെയും ഇന്ത്യൻ സമൂഹത്തിലെയും പ്രമുഖർ തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഇന്ത്യാ സന്ദർശനവേളയിൽ പുറത്തിറക്കിയ സംയുക്ത സ്മരണിക തപാൽ സ്റ്റാമ്പിന്റെ പകർപ്പ് ഒമാനിലെ പോസ്റ്റ്മാസ്റ്റർ സയ്യിദ് നാസർ അൽബുസൈദി, അമിത് നാരങ്, മുഖ്യാതിഥി മന്ത്രി ഖായിസ് അൽ യൂസഫ് എന്നിവർ ചേർന്ന് അനാച്ഛാദനം ചെയ്തു. ആഗോളതലത്തിലെ ഇന്ത്യയുടെ സുപ്രധാന പങ്കിനെക്കുറിച്ച് ചടങ്ങിൽ സംസാരിച്ച അംബാസഡർ വിശദീകരിച്ചു. ഇന്ത്യ, ഒമാൻ കലാകാരൻമാരുടെ വിവിധ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ഇന്ത്യയിലെ സമ്പന്നമായ പാചക പൈതൃകം അടുത്തറിയാനായി വൈവിധ്യമാർന്ന ഇന്ത്യൻ പലഹാരങ്ങളും ഒരുക്കിയിരുന്നു. ഇന്ത്യയുടെ സാംസ്കാരികവും ചരിത്രപരവുമായ സ്മാരകങ്ങളുടെ പശ്ചാത്തലത്തിൽ ‘സെൽഫി വിത്ത് ഇന്ത്യ’ കോർണറുകളും സജ്ജീകരിച്ചിരുന്നു. നിരവാധി ആളുകൾ ഇവിടെനിന്ന് സെൽഫിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.