മസ്കത്ത്: ട്രാഫിക് സൂചക തൂണുകളിലും പൊതുനിരത്തിന്റെ മറ്റു തൂണുകളിലും കമ്പികളിലും സൈക്കിളുകൾ ബന്ധിച്ചുവെക്കുന്നതിന് നിയന്ത്രണം. ഇതുസംബന്ധിച്ച അറിയിപ്പ് മസ്കത്ത് മുനിസിപ്പാലിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കി. പൊതുനിരത്തുകളിലെ തൂണുകളിൽ സൈക്കിളുകൾ കെട്ടിയിടുന്നത് കർശനമായി നിരോധിച്ചതായും നിയമം ലംഘിക്കുന്നത് ഒഴിവാക്കണമെന്നും അത്തരം സൈക്കിളുകൾ എടുത്ത് കൊണ്ടുപോകുമെന്നും മുനിസിപ്പാലിറ്റിയുടെ നോട്ടീസിൽ പറയുന്നു.
ഒമാനിൽ അടുത്തിടെ സൈക്കിൾ ഉപയോഗം വർധിച്ചിട്ടുണ്ട്. നഗരങ്ങളിലെ ചെറിയ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഡെലിവറിക്കും മറ്റും സൈക്കിൾ വ്യാപകമായാണ് ഉപയോഗിക്കുന്നത്. കൂടാതെ നഗരങ്ങളിലെ യാത്രക്കും ജോലിസ്ഥലങ്ങളിൽ എത്തുന്നതിനും വ്യായാമത്തിനും സൈക്കിളുകൾ ഉപയോഗിച്ചുവരുന്നുണ്ട്. ഇങ്ങനെ നഗരത്തിലെത്തുന്ന സൈക്കിളുകൾ റോഡിന്റെ വിവിധ ഭാഗങ്ങളിലാണ് നിർത്തിയിടുന്നത്. സൈക്കിളുകൾ നഷ്ടപ്പെടാതിരിക്കാൻ ചിലർ ചങ്ങല ഉപയോഗിച്ച് ബന്ധിക്കുകയാണ് ചെയ്യാറ്. തൂണുകളിലും മറ്റും ബന്ധിച്ചുവെക്കുന്നത് നിത്യ കാഴ്ചയാണ്. നിയമം കർശനമായി നടപ്പാവുന്നതോടെ ഇത്തരം സൈക്കിളുകൾക്കെതിരെ നടപടികൾ വരും.
സൈക്കിളുകളുടെ ഉപയോഗം വർധിച്ചത് കാൽനടക്കാർക്കും മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർക്കും പ്രയാസം സൃഷ്ടിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഇത്തരം സൈക്കിൾ ഓട്ടക്കാർ പലപ്പോഴും സുരക്ഷ മാനദന്ധങ്ങൾ ഒന്നും പാലിക്കാറില്ല. റോഡുകളിലെ ട്രാഫിക് നിയമങ്ങൾ അനുസരിക്കാത്തതും മറ്റൊരു പ്രശ്നമാണ്. ചിലപ്പോൾ നടപ്പാതകളിലും മറ്റും കാൽനടക്കാർക്കിടയിലൂടെ അതിവേഗത്തിൽ സൈക്കിളുകൾ ഓടിച്ചുപോകുന്നതും കണ്ടുവരുന്നുണ്ട്. റോഡുകളിൽ വൺ വേ, സിഗ്നൽ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പലരും സൈക്കിൾ ഓടിക്കുന്നത്. ഭാഗ്യംകൊണ്ട് മാത്രമാണ് പലപ്പോഴും അപകടം ഒഴിവാകുന്നത്.
ഇലക്ട്രിക് സൈക്കിളുകളുടെ ഉപയോഗവും അടുത്തിടെ വർധിച്ചിട്ടുണ്ട്. അതിവേഗത്തിൽ പാഞ്ഞുപോകുന്ന ഈ സൈക്കിളുകൾ ഉപയോഗിക്കുന്നതിന് ഒരു മാനദണ്ഡവുമില്ല. പലപ്പോഴും ഹെൽമറ്റ് ധരിക്കാതെയാണ് പലരും ഇലക്ട്രിക് സൈക്കിളുകളിൽ സഞ്ചരിക്കുന്നത്. ഒരു നിയമതടസ്സവുമില്ലാത്തതാണ് പലരെയും ഇലക്ട്രിക് സൈക്കിളുകളിലേക്ക് ആകർഷിക്കുന്നത്. സൈക്കിൾ വാങ്ങാൻ കഴിവുള്ള ആർക്കും ഓടിക്കാവുന്നതാണ്. ഇത്തരക്കാരിൽ പലരും ട്രാഫിക് നിയമങ്ങളെപ്പറ്റി ബോധവാന്മാരോ അത് പാലിക്കാത്തവരോ ആണ്.
നിലവിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കൂടുതൽ ഇലക്ട്രിക് സൈക്കിളുകൾ റോഡിലിറങ്ങുമ്പോൾ അപകടസാധ്യത കൂടുതലാണ്. ഇൻഷുറൻസ് അടക്കമുള്ള ഒരു പരിരക്ഷയും ഇത്തരം സൈക്കിളുകൾക്കില്ലാത്തത് റോഡ് സുരക്ഷക്കും പൊതുജനങ്ങളുടെ സുരക്ഷക്കും ഭീഷണിയാകാനും സാധ്യതയുണ്ട്. ഉദാഹരണത്തിന് ഇത്തരം സൈക്കിളുകൾ ആരെയെങ്കിലും കുത്തിയാലോ പരിക്കേൽപിച്ചാലോ വാഹനത്തിന്റെ ഉടമ തന്നെ ചികിത്സച്ചെലവ് അടക്കം സകല ചെലവും വഹിക്കേണ്ടിവരും.
പലപ്പോഴും ഇത്തരം വാഹനങ്ങൾ ഓടിക്കുന്നത് കുറഞ്ഞ വരുമാനക്കാരായതിനാൽ ഇത്തരം വാഹനങ്ങൾ മുട്ടി പരിക്കേറ്റാൽ ചെലവുകൾ പരിക്ക് പറ്റിയ വ്യക്തികൾ തന്നെ വഹിക്കേണ്ടിവരും. ഇത്തരം കാരണങ്ങളാൽ റോഡുകളിൽ പരക്കം പായുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് സുരക്ഷ നിയന്ത്രണങ്ങൾ ആവശ്യമാണെന്നാണ് സാമൂഹിക പ്രവർത്തകരും മറ്റും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.