ബുറൈമി: 38 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരൂർ പയ്യനങ്ങാടി സ്വദേശി മുഹമ്മദ് കുട്ടി നാട്ടിലേക്ക് മടങ്ങുന്നു. മദ്രാസിൽ ബിസിനസ് ചെയ്തു വന്ന ഇദ്ദേഹം 1984ലാണ് ബുറൈമിയിൽ എത്തിയത്. പല സ്ഥലത്തും ജോലി നോക്കിയ ശേഷം 1992ൽ സ്വന്തമായി ഗ്രോസറി തുടങ്ങി. നീണ്ട 38 വർഷവും പല പ്രതിസന്ധികളും പ്രയാസങ്ങളും നേരിട്ടെങ്കിലും ഒരേ സപോൺസറുടെ കീഴിൽതന്നെയാണ് ജോലി നോക്കിയിരുന്നത്.
കാലക്രമേണ മക്കളായ ഫാസിൽ, ഷാഹിദ്, സാക്കിർ എന്നിവരെയും ബുറൈമിയിൽ കൊണ്ടുവന്നു. അൽ ഐനിൻ കോഫി ഷോപ്പിൽ ജോലി ചെയ്ത് വന്ന ബാല്യകാല സുഹൃത്ത് ഗംഗാധരൻ ബുറൈമിയിൽ സ്വന്തമായി ഒരു കോഫി ഷോപ് തുടങ്ങണമെന്ന ആഗ്രഹത്തോടെ മുഹമ്മദ് കുട്ടിയെ സമീപിച്ചു. അങ്ങനെ സുഹൃത്തിന്റെ പങ്കാളിത്തതോടെ ഹോട്ടൽ തുടങ്ങി. ചുമതല മകൻ ഷാഹിദിനെ ഏൽപിച്ചു. 38 വർഷത്തെ പ്രവാസത്തിൽ ഒരുപാട് നല്ല സുഹൃത്തുക്കളെയും സൗഹൃദങ്ങളെയും നേടാനായത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്ന് മുഹമ്മദ് കുട്ടി പറഞ്ഞു. ആഗോളമാന്ദ്യം ബിസിനസിനെയും ബാധിച്ചതിനെ തുടർന്നാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. സ്ഥാപനം സ്പോൺസറെ തിരിച്ചേൽപിച്ചാണ് മടക്കം. ഇളയ മകൻ സാക്കിറും പ്രവാസം അവസാനിപ്പിച്ച് അന്നേ ദിവസം നാട്ടിലേക്ക് മടങ്ങും. ബുറൈമി പ്രവാസി സുഹൃത്തുക്കൾ മുഹമ്മദ് കുട്ടിക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി. ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഷഹീൻ പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു. അഫ്സൽ തയ്യിബ, അലി മൗലവി, അൻവർ വാഫി, അശ്റഫ് പൈക്ക, ഫൈസൽ എടയൂർ ഇസ്മായിൽ, സുബൈർ തുടങ്ങിയവർ സംസാരിച്ചു. ജനുവരി 26ന് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് കുട്ടി ശേഷിക്കുന്ന കാലം ഭാര്യ സുലൈഖയോടും ഇളയ മകൻ അബ്ദുൽഹിയോടുമൊപ്പം കഴിയാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.