മസ്കത്ത്: റുസൈൽ-ബിദ്ബിദ് റോഡ് വിപുലീകരണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നതായി ഗതാഗത, വാർത്ത വിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. മസ്കത്ത് എക്സ്പ്രസ്വേയിലെ റുസൈൽ-നിസ്വ ഇൻറർചേഞ്ച് മുതൽ ബിദ്ബിദ് വിലായത്തിലെ ശർഖിയ എക്സ്പ്രസ് വേ ഇൻറർചേഞ്ച് വരെ 27 കിലോമീറ്റർ ദൂരമാണ് പാതക്കുള്ളത്.
പ്രധാന സ്ഥലങ്ങൾക്കിടയിൽ കണക്ടിവിറ്റി വർധിപ്പിക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനുമാണ് വിപുലീകരണ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഈ പ്രധാന പാതയുടെ പൂർത്തീകരണം ഒമാന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. നിസ്വയിലേക്കുള്ള ഈ സുപ്രധാന റോഡിലെ അധിക പാതകൾ ഗതാഗതക്കുരുക്ക് ഗണ്യമായി കുറക്കാനും സഹായിക്കും.
മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ ഓടാൻകഴിയുന്ന വാഹനങ്ങൾക്ക് എല്ലാ ട്രാഫിക് സുരക്ഷ ആവശ്യകതകളും പാലിക്കുന്ന തരത്തിലാണ് ഈ റോഡ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത 20 വർഷത്തിനുള്ളിൽ പ്രതീക്ഷിക്കുന്ന ഗതാഗത ആവശ്യങ്ങൾ പരിഗണിച്ചാണ് പാതയൊരുക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.