റഷ്യ ^ യുക്രെയ്ൻ യുദ്ധം: ഉൽപന്നങ്ങളുടെ വില വർധിക്കുന്നു

മസ്കത്ത്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ജി.സി.സി രാഷ്ട്രങ്ങളിൽ വിവിധ ഉൽപന്നങ്ങളുടെ വില വർധിക്കാൻ കാരണമാകുന്നു. ഫെബ്രുവരി അവസാനം മുതൽ എണ്ണ വില ഉയർന്നതാണ് വില വർധനക്ക് പ്രധാന കാരണം. റഷ്യ, യുക്രെയ്ൻ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ കാർഷിക ഉൽപന്നങ്ങളുടെയും വില വർധിച്ചിട്ടുണ്ട്. യുദ്ധം കാരണം മധ്യ പൗരസ്ത്യ ദേശങ്ങളും വടക്കൻ ആഫ്രിക്കൻ മേഖലയിലും റഷ്യ, യുക്രെയ്ൻ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കാർഷിക വിഭവങ്ങൾക്ക് വില വർധിക്കുന്നതായി എമിറേറ്റ്സ് എൻ.ബി.ഡി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

മിഡിലീസ്റ്റിലേക്ക് ഈ രണ്ട് രാജ്യങ്ങളിൽനിന്നാണ് നിരവധി കാർഷിക വിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നത്. ഗോതമ്പ്, അരി, കോൺ, ബാർലി തുടങ്ങിയവ ഇതിൽ ഉൾപ്പെടും. മിഡിലീസ്റ്റിൽ 50 ശതമാനത്തിലധികം ഗോതമ്പും ഇറക്കുമതിയാണ്. അടിസ്ഥാന കാർഷിക വിഭവങ്ങളുടെ ലഭ്യതക്ക് ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നത് ഇത്തരം ഉൽപന്നങ്ങളുടെ വരവിന് തടസ്സമുണ്ടാവുേമ്പാൾ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. യക്രെയ്ൻ യുദ്ധം മിഡിലീസ്റ്റിൽ ഭക്ഷ്യ ഉൽപന്നങ്ങളുടെയും എണ്ണ വിലയിലും വർധനവുണ്ടാക്കുമെന്ന് ലോകബാങ്കും മുന്നറിയിപ്പ് നൽകിയിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ഈ വർഷം പണപ്പെരുപ്പം മൂന്ന് ശതമാനം വർധിക്കുമെന്നാണ് ലോക ബാങ്കിന്‍റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം 1.2 ശതമാനായിരുന്നു പണപ്പെരുപ്പം. എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ പണപ്പെരുപ്പം 3.7 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിലുണ്ട്. 2017-2021 കാലയളവിൽ മൊത്തം ലോക രാജ്യങ്ങളിലേക്ക് ഗോതമ്പിന്‍റെ 29 ശതമാനവും കയറ്റി അയച്ചത് റഷ്യയും യുക്രെയ്നുമായിരുന്നു. ബാർലിയുടെയും മറ്റും ഏറ്റവും വലിയ കയറ്റുമതിക്കാരും ഇരു രാജ്യങ്ങളാണ്. സൂര്യകാന്തി വിത്തും അതുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളും എണ്ണയുമൊക്കെ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളാണ് ഇവ രണ്ടും. യു.എ.ഇയിൽ എത്തുന്ന ഗോതമ്പിന്‍റെ 63 ശതമാനവും റഷ്യയിൽനിന്നും യുക്രെയ്നിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.

രാസവളങ്ങളുടെ വിലയും വർധിക്കുന്നുണ്ട്. പൊട്ടാഷ്, ഫോസ്ഫേറ്റ്, നൈട്രജൻ എന്നിവയുടെ വലിയ ശതമാനവും ആഗോള മാർക്കറ്റിലേക്ക് കയറ്റി അയക്കുന്നത് റഷ്യയാണ്. ഇതെല്ലാം കാർഷിക ഉൽപാദനത്തെ ബാധിക്കുന്നതിനാൽ മിഡിലീസ്റ്റിൽ ഇനിയും കാർഷിക ഉൽപന്നങ്ങളുടെ വില വർധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.  

Tags:    
News Summary - Russia-Ukraine war: price of products is rising

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.