മസ്കത്ത്: കനത്ത മഴയെ തുടർന്ന് ജബൽ അഖ്ദറിൽ കാണാതായയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ തുടർച്ചയായി പത്താം ദിവസമാണ് തിരച്ചിൽ നടത്തുന്നത്.
വാട്ടർ റെസ്ക്യൂ ടീമിന്റെയും ഡ്രോണിന്റെയും പൊലീസ് നായുടെയും മറ്റും ആധുനിക സംവിധാനങ്ങളുടെയും സഹായത്തോടെയാണ് തിരച്ചിൽ നടക്കുന്നതെന്ന് ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ വാദിയിൽ രണ്ടുപേരാണ് ഫെബ്രുവരി 12ന് അകപ്പെട്ടത്. ഒരാളുടെ മൃതദേഹം തൊട്ടടുത്ത ദിവസം ലഭിച്ചിരുന്നു.
അതേസമയം, ന്യൂനമർദത്തെ തുടർന്നുണ്ടായ മഴക്കെടുതിയിൽ രാജ്യത്താകെ ആറുപേരുടെ ജീവനാണ് പൊലിഞ്ഞത്. ദാഖിലിയ ഗവർണറേറ്റിലെ ഇസ്ക്കി വിലായത്തിലെ വാദിയിലകപ്പെട്ട് ഒരു സ്ത്രീ, ജബൽ അഖ്ദറിൽ വാദിയിൽ കുടുങ്ങി ഒരാൾ, ദാഹിറ ഗവർണറേറ്റിലെ യാങ്കൂൾ വിലായത്തിലെ വാദി ഗയ്യയിൽ അകപ്പെട്ട് മറ്റൊരാൾ, റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ അകപ്പെട്ട് മൂന്നു കുട്ടികൾ എന്നിവരാണ് മരിച്ചത്.
ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രാജ്യത്ത് വീണ്ടും മഴ മുന്നറിയിപ്പ് നൽകി. ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമായി ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. മുസന്ദം, ഒമാൻ കടലിന്റെ തീരപ്രദേശങ്ങൾ, അൽ ഹജർ പർവതനിരകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ പെയ്യുക. കടൽ പ്രക്ഷുബ്ധമാകും.
പടിഞ്ഞാറൻ മുസന്ദം, ഒമാൻ കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ തിരമാലകൾ 1.5 മുതൽ 2.5 മീറ്റർ വരെ ഉയർന്നേക്കും. തെക്കുകിഴക്കൻ കാറ്റിന്റെ ഭാഗമായി മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും പൊടിപടലം ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.