മസ്കത്ത്: 60 വയസ്സിനു മുകളിലുള്ളവർക്കും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും സീസണൽ ഇൻഫ്ലുവൻസ വാക്സിൻ നൽകുന്നത് ആരംഭിച്ചതായി ഒമാൻ ആരോഗ്യമന്ത്രാലയം പൗരന്മാരെ അറിയിച്ചു. ‘നമുക്ക് വാക്സിനേഷൻ എടുക്കാം’ എന്ന മുദ്രാവാക്യമുയർത്തിയാണ് മന്ത്രാലയം വാക്സിൻ യജ്ഞത്തിന് തുടക്കമിട്ടത്.
60 വയസ്സിനു മുകളിലുള്ളവർ, ശ്വാസകോശം, ഹൃദയം, വൃക്ക, കരൾ, രക്തം, നാഡീസംബന്ധമായവ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, മുതിർന്നവരിലും കുട്ടികളിലും അനിയന്ത്രിതമായ പ്രമേഹവും അമിതവണ്ണവും അനുഭവിക്കുന്നവർ, ഗർഭിണികൾ, ഉംറ തീർഥാടകർ, ആരോഗ്യമേഖലയിലെ തൊഴിലാളികൾ, രണ്ട് വയസ്സുള്ള കുട്ടികൾ എന്നിവർക്കവണ് വാക്സിൻ നൽകുക. ശ്വാസകോശ വ്യവസ്ഥയെ ബാധിക്കുന്നതും ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാവുന്നതുമായ ഇൻഫ്ലുവൻസ അണുബാധ ഒഴിവാക്കാൻ, അടുത്തുള്ള ആരോഗ്യസ്ഥാപനം സന്ദർശിച്ച് വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
മുകളിൽ പറഞ്ഞ വിഭാഗത്തിൽപെടാത്ത പൗരന്മാർക്കും താമസക്കാർക്കും സ്വകാര്യ ആരോഗ്യമേഖലയിലും വാക്സിൻ ലഭ്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി, ശരീരവേദന/ജലദോഷം, മൊത്തത്തിലുള്ള ക്ഷീണം എന്നിവക്ക് കാരണമാകുന്ന കാലാനുസൃതമായ പകർച്ചവ്യാധിയാണ് ഇൻഫ്ലുവൻസ വൈറസ്.
ഇത് ചിലപ്പോൾ മിക്ക ആളുകൾക്കും പനിയിൽനിന്നും മറ്റു ലക്ഷണങ്ങളിൽനിന്നും ഒരാഴ്ചക്കുള്ളിൽ വൈദ്യസഹായം ആവശ്യമില്ലാതെ സുഖം പ്രാപിക്കാറുണ്ട്. എന്നാൽ പ്രായമായവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരിൽ ഇൻഫ്ലുവൻസ ഗുരുതരമായ രോഗത്തിനോ മരണത്തിനോ ഇടയാക്കുകയും ചെയ്യാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.