മസ്കത്ത്: നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന് പൊതുപരിപാടിയിലും മറ്റും നൽകിക്കൊണ്ടിരിക്കുന്ന സുരക്ഷ നടപടികൾ അനിവാര്യമാണെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ. അനിൽ പറഞ്ഞു. ഒമാനിൽ മൈത്രി മസ്ത്തിന്റെ ‘പൊന്നരിവാൾ അമ്പിളിയിൽ’ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ കുറഞ്ഞ സുരക്ഷ നടപടികളാണ് മന്ത്രിമാർക്കടക്കമുള്ളത്.
വിമാനത്തിൽ പോലും മുഖ്യമന്ത്രിക്ക ുനേരെ അടുത്തകാലത്ത് പ്രതിഷേധം ഉയരുകയുണ്ടായി. ഇതുകേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്തതാണ്. സാധാരണക്കാരോട് അകന്ന് നിൽക്കുന്നയാളാണ് മുഖ്യമന്ത്രിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങൾക്ക് എപ്പോഴും താങ്ങും തണലുമായി നിന്നയാളാണ് അദ്ദേഹവും പാർട്ടിയുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. സർക്കാർ നയത്തോടൊപ്പം ചേർന്നുതന്നെയാണ് എപ്പോഴും സി.പി.ഐ പ്രവർത്തിച്ചിട്ടുള്ളത്. അതേസമയം, അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. കേരള ഗവൺമെന്റിനെ ദുർബലമാക്കാനും തകർക്കാനുമാണ് രാജ്യത്തിന്റെ ഭരണകക്ഷി ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനിടയിലും ഒരു ഇടതുപക്ഷ ഗവൺമെന്റ് ജനപക്ഷ ക്ഷേമ നടപടികളുമായി മതേതര മൂല്യങ്ങളെയും ഭരണഘടനയെയും സംരക്ഷിച്ച് മുന്നോട്ടുപോകുകയാണ്. ഇത് സാധാരണ ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സുപ്രധാന ഭക്ഷ്യവസ്തുവെന്ന നിലക്ക് അരി ഉൽപാദനത്തിൽ നമുക്ക് സ്വയംപര്യാപ്തത നേടാനായിട്ടില്ല. നമ്മുടെ പ്രകൃതിയും കൃഷിരീതികളുമൊക്കെയാണ് ഇതിന് തടസ്സമായിട്ടുള്ളത്. എന്നാൽ ഫലവർഗം, മുട്ട, പാൽ, ഇറച്ചി എന്നിവയിൽ ഉൾപ്പെടെ സ്വയംപര്യാപ്തതയിലേക്ക് അടുക്കാൻ കഴിഞ്ഞിട്ടുണ്ട്. വിലക്കയറ്റം ആഗോള പ്രതിഭാസമാണ്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിലക്കയറ്റം ശരാശരിക്കും താഴെയാണ്. വിലക്കയറ്റം പിടിച്ചു നിർത്താനുള്ള കേരളത്തിന്റെ നടപടികൾ ലോകത്തിനുതന്നെ മാതൃകയാണ്. കഴിഞ്ഞ ഏഴു വർഷത്തിനിടെ കേരളത്തിന്റെ ബജറ്റിൽ ഏകദേശം 9000 കോടിയാണ് സാധനങ്ങൾ വിലകുറച്ച് കൊടുക്കാനും മാർക്കറ്റ് ഇടപെടലുകൾക്കുമായി സർക്കാർ ചെലവഴിച്ചത്. റേഷൻ കടകളിൽ പുതിയ ഷെഡ്യൂളുകൾ ഏർപ്പെടുത്തിയിരിക്കുന്നത് വ്യാപാരികളുടെ കൂടി അഭ്യർഥന പരിഗണിച്ചാണ്. സമൂഹത്തിലെ ഏറ്റവും പിന്നാമ്പുറങ്ങളിൽ നിക്കുന്നവർക്കാണ് സബ്സിഡി കൊടുക്കുന്നത്.
പക്ഷേ നിലവിലെ സാഹചര്യത്തിൽ അതുനിലനിർത്തികൊണ്ടുപോകാൻ കഴിയുമോ എന്നത് ആശങ്കയുണ്ടാകുന്നതാണ്. എന്നാൽ, ഇത് നിലനിർത്തണമെന്നുതന്നെയാണ് സർക്കാറിന്റെ നിലപാട്. പ്രവാസം മതിയാക്കി ഗൾഫ് രാജ്യങ്ങളിൽനിന്നടക്കം വന്നവർ കൃഷി, പശു വളർത്തൽ തുടങ്ങിയ സംരംഭങ്ങളിൽ ഏർപ്പെടുന്നുണ്ട്. ഇവർക്ക് മികച്ച പിന്തുണയാണ് സർക്കാർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് മാധ്യമം ഒമാൻ റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഗോൾഡൻ തുലിപ് ഡയറക്ടർ കെ.വി. ഉമ്മർ, അൽബാജ് ബുക്സ് മാനേജിങ് ഡയറക്ടർ ഷൗക്കത്തലി എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.