കപ്പൽ സീസൺ അവസാനിക്കുന്നു; യാത്രക്കാർ വർധിച്ചു

മസ്കത്ത്: ഒമാനിൽ വിനോദ സഞ്ചാര കപ്പൽ സീസൺ അവസാനിക്കുന്നു. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഒമാനിൽ വിനോദ സഞ്ചാര സീസൺ. മത്ര സുൽത്താൻ ഖാബൂസ്, കസബ്, സലാല എന്നീ തുറമുഖങ്ങളിലാണ് വിനോദ സഞ്ചാര കപ്പലുകൾ നങ്കൂരമിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കപ്പലുകളെത്തുന്നത് സുൽത്താൻ ഖാബൂസ് തുറമുഖത്താണ്. മത്രയിലെത്തുന്ന കപ്പലുകൾ മറ്റ് തുറമുഖങ്ങളും സന്ദർശിക്കാറുണ്ട്. വെള്ളിയാഴ്ച ഇറ്റലിയൻ കപ്പലായ കോസ്റ്റ് ഫിറൻസ സലാല തുറമുഖത്തെത്തി. 1264 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. സലാലയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ബീച്ചുകളും മാർക്കറ്റുകളും യാത്രക്കാർ സന്ദർശിച്ചു. മത്ര തുറമുഖം സന്ദർശിച്ച ശേഷമാണ് കപ്പൽ സലാലയിലേക്ക് പുറപ്പെട്ടത്. നീണ്ട കോവിഡ് പ്രതിസന്ധിക്ക് ശേഷം കഴിഞ്ഞ വർഷം നവംബർ 17 നാണ് ആദ്യ കപ്പൽ ഒമാൻ തീരത്തണയുന്നത്. 2100 യാത്രക്കാരുമായി കസബ് തുറമുഖത്താണ് മയിൻ ഷിഫ് എന്ന വിനോദ സഞ്ചാര കപ്പലെത്തിയത്.

പിന്നീട് നിരവധി കപ്പലുകൾ ഒമാന്‍റെ മൂന്ന് തുറമുഖങ്ങളിലുമെത്തിയിരുന്നു. മത്ര, കസബ്, സലാല തുറമുഖങ്ങളിലായി 99 കപ്പലുകളാണ് ഈ സീസണിൽ പ്ലാൻ ചെയ്തിരുന്നത്. ഇതിൽ 62 എണ്ണം മത്രയിലും 22 എണ്ണം കസബിലും 15 എണ്ണം സലാലയിലുമാണ് എത്തേണ്ടിയിരുന്നത്. ക്വീൻ മേരി2, മയിൻ ഷിഫ് 6, കോസ്റ്റ ഫൈറസ്,ഐഡ് അബെല്ലാ എന്നീ പ്രധാന കപ്പലുകൾ ഇതിൽ ഉൾപ്പെടും. ഇനി ഏതാനും കപ്പലുകൾ കൂടി മാത്രമാണ് സന്ദർശനത്തിനെത്താനുള്ളത്.

2019 ൽ 163 വിനോദ സഞ്ചാര കപ്പലുകൾ ഒമാനിലെത്തിയിരുന്നു. മൊത്തം 6,60,295 യാത്രക്കാരാണ് സന്ദർശകരായുണ്ടായിരുന്നത്. 2020 ൽ 66 കപ്പലുകൾ ഒമാനിലെത്തിയിരുന്നു. 2,63,587 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ 2020 മാർച്ചിൽ കോവിഡ് പ്രതിസന്ധി ആരംഭിച്ചതോടെ വിനോദ സഞ്ചാര കപ്പലുകൾക്ക് ഒമാൻ അടക്കമുള്ള ലോക രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. 2020 ൽ മത്രയിൽ എത്തിയ വിനോദ സഞ്ചാര കപ്പലിലെ യാത്രക്കാർ വഴിയാണ് മത്രയിൽ കോവിഡ് പരന്നതെന്നുള്ള വാർത്തകളുമുണ്ടായിരുന്നു.

വിനോദ സഞ്ചാര കപ്പലുകൾ എത്തുന്നത് രാജ്യത്തിന്റെ വിനോദ സഞ്ചാരമേഖലക്കും വാണിജ്യ മേഖലക്കും ഉണർവുണ്ടാക്കും. മത്രയിലെ സൂഖിലെ വ്യാപാരം കൂടുതൽ പച്ച പിടിക്കാനും കപ്പലുകൾ ഏറെ സഹായിക്കും. മത്രയിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രം മത്രസൂഖാണ്. അതിനാൽ ഓരോ കപ്പലും മത്രയിൽ നങ്കൂരമിടുമ്പോഴും മത്ര സൂഖിൽ ആഘോഷ പ്രതീതിയാണ്. ഒന്നര വർഷം കപ്പലുകൾ എത്താതിരുന്നത് സൂഖിലെ വ്യാപാരികൾക്ക് വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ വിനോദ സഞ്ചാരികൾ എത്തുമെന്നും അതോടെ വ്യാപാരമേഖലക്ക് കൂടുതൽ ഉണർവുണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് വ്യാപാരികൾ.

Tags:    
News Summary - Shipping season ends; Passengers increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.