മസ്കത്ത്: തൊഴിൽ വിപണിയിൽ ഒമാനി കേഡറുകളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി തൊഴിൽ മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു. ഒമാന്റെ തൊഴിൽ മേഖല രൂപപ്പെടുത്തുന്നതിൽ കമ്യൂണിറ്റി പങ്കാളിത്തം വർധിപ്പിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. bit.ly/4d9U0xB എന്ന ലിങ്ക് വഴി ചിന്തകളും നിർദേശങ്ങളും പൗരന്മാർക്ക് പങ്കിടാമെന്ന് അധികൃതർ വ്യക്തമാക്കി.
നിർബന്ധിത ഒമാനൈസേഷൻ നിരക്കുകൾ കൈവരിക്കാത്ത കമ്പനികൾക്ക് കൂടുതൽ പിഴ ചുമത്തണോ?, ജോയന്റ് ഇൻസ്പെക്ഷൻ ടീം മുഖേനയുള്ള പരിശോധന വർധിപ്പിക്കണോ?, തൊഴിൽ വിപണിയിൽ ഒമാനി തൊഴിലാളികളെ ശാക്തീകരിക്കാനുള്ള നിർദേശങ്ങൾ പങ്കിടുക എന്നിങ്ങനെയുള്ള ചോദ്യങ്ങളും മറ്റുമാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.
അതേസമയം, രാജ്യത്തെ വിവിധ തൊഴിൽ മേഖലയിൽ ഒമാനിവത്കരണം ശക്തമാക്കാനുള്ള ഊർജിത ശ്രമങ്ങളുമായാണ് അധികൃതർ മുന്നോട്ടുപോകുന്നത്. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകൾ പൂർണമായി സ്വദേശിവത്കരിക്കാനാണ് അടുത്തിടെ എടുത്ത തീരുമാനം.
ഇതിന്റെ ഭാഗമായി ഈ മേഖലകളിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നടപ്പാക്കും. ഒമാൻ വിഷൻ 2040ന് അനുസൃതമായി തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും ഒമാനികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി പ്രവർത്തനം മെച്ചപ്പെടുത്താനും അവശ്യ നയങ്ങൾ രൂപവത്കരിക്കാനും ആണ് ലക്ഷ്യമിടുന്നത്.
തൊഴിൽ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന ശേഷം 2025 ജനുവരിയിൽ ആരംഭിച്ച് 2027 അവസാനം വരെ തുടരും. ഇതിനായി ഓരോ വർഷത്തേക്കും ലക്ഷ്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്. 2024ൽ ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ 20 ശതമാനവും കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ 31 ശതമാനവുമാണ് ഒമാനിവത്കരണം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
വിവിധ നയങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും 2040ഓടെ ഈ മേഖലകളിലെ പ്രഫഷനൽ ജോലികൾ സ്വദേശിവത്കരിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ് മേഖലയുടെ പ്രാരംഭ സ്വദേശിവത്കരണ നിരക്കുകൾ 2025 മുതൽ 20 ശതമാനം മുതൽ 50 ശതമാനം വരെ ആയിരിക്കും. ക്രമേണ ഇത് 100 ശതമാനം വരെ എത്തിക്കും.
ആശയവിനിമയ, വിവര സാങ്കേതിക മേഖലയിലെ ഒമാനൈസേഷൻ നിരക്ക് 2026ഓടെ 50 മുതൽ നൂറ് ശതമാനംവരെ ആയിരിക്കുമെന്നും മവാലി പറഞ്ഞു. റഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിൽ ഒമാനികൾക്ക് മാത്രമായി നേരത്തേ പ്രഖ്യാപിച്ചത് സെപ്റ്റംബർ മുതൽ നടപ്പിലാക്കും. ഇതിനുള്ള ശ്രമങ്ങളും ഊർജിതപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.