സുഹാർ: കുത്തനെ ഉയർന്ന യാത്രനിരക്ക് കുറഞ്ഞു. കേരളത്തിലെ നാലു സെക്ടറിലേക്കുള്ള യാത്രനിരക്കാണ് പകുതിയായി കുറഞ്ഞത്. മതിയായ യാത്രക്കാരില്ലാത്തതാണ് നിരക്ക് കുറയാൻ കാരണമെന്ന് പറയപ്പെടുന്നു. ഒമാനും ഇന്ത്യക്കുമിടയിലെ എയർ ബബ്ൾ ധാരണ കഴിഞ്ഞ നവംബറിൽ പുനഃക്രമീകരിച്ചിരുന്നു. പ്രതിവാര സീറ്റുകളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് സ്വകാര്യ ബജറ്റ് വിമാന കമ്പനികളായ ഗോ എയർ, ഇൻഡിഗോ എന്നിവക്ക് ഇന്ത്യൻ വ്യോമയാന അധികൃതർ ഒമാനിലേക്കുള്ള സർവിസിന് അനുമതി നിഷേധിച്ചു. ഇതിനു ശേഷമാണ് ഒമാനിൽനിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നത്. 130 മുതൽ 200 റിയാൽ വരെ കൊടുത്താണ് നവംബർ മുതൽ ഫെബ്രുവരി പകുതിവരെ പലരും യാത്ര ചെയ്തത്. അതേ നിരക്ക് ഫെബ്രുവരി അവസാനമാവുമ്പോൾ പകുതിയിലധികം കുറഞ്ഞ് 60 റിയാലിൽ വരെ എത്തിനിൽക്കുകയാണ്.
മാർച്ചിലും കുറഞ്ഞ നിരക്കു തന്നെയാണ് കാണിക്കുന്നതെന്ന് ക്യാപ്റ്റൻ ട്രാവൽസ് പ്രതിനിധി അഷ്റഫ് മാന്യ പറയുന്നു. അതേസമയം, കേരളത്തിൽനിന്ന് ഒമാനിലേക്കുള്ള യാത്രനിരക്കിൽ വലിയ മാറ്റം വന്നിട്ടില്ല. കോവിഡ് വ്യാപനത്തിെൻറ തോത് വർധിച്ചതും 10 രാഷ്ട്രങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് രണ്ടാഴ്ച വിലക്ക് ഏർപ്പെടുത്തിയതും പ്രവാസികളിൽ ആശങ്ക പടരാൻ കാരണമായിട്ടുണ്ട്. നാട്ടിൽ പോയാൽ കോവിഡ് വ്യാപനം കൂടുതലായ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് വന്ന് തിരികെ വരാൻ കഴിയാതിരിക്കുമോയെന്ന ആശങ്കയിൽ പലരും ടിക്കറ്റുകൾ റദ്ദാക്കുകയും യാത്ര നീട്ടിവെക്കുകയും ചെയ്യുന്നുണ്ട്.
അതുപോലെ തന്നെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്ക് കോവിഡ് നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതും യാത്ര ഉപേക്ഷിക്കാൻ കാരണമാണ്. നാട്ടിലെ വിമാനത്താവളത്തിൽ എത്തിയാലും സ്വന്തം ചെലവിൽ പി.സി.ആർ പരിശോധനക്ക് വിധേയമാകണം. ക്വാറൻറീൻ കാലാവധി 14 ദിവസമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ക്വാറൻറീൻ കാലാവധിക്കുശേഷം മറ്റൊരു പരിശോധനക്ക് വിധേയമാകണം. കുടുംബമായി പോകുന്നവർക്ക് വലിയ തുകയുടെ ചെലവാണ് ഇതുവഴി ഉണ്ടാകുന്നത്.
കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവരിൽ 20 ശതമാനവും കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. തിരുവനന്തപുരം വിമാനത്താവളം ഉപയോഗിക്കുന്ന തമിഴ്നാട് സ്വദേശികൾക്ക് കോവിഡ് ടെസ്റ്റ് നടത്തി ഏഴു മണിക്കൂർ കാത്തുനിന്ന് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി മാത്രമേ അതിർത്തി കടക്കാൻ സാധിക്കുകയുള്ളൂ. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന മംഗളൂരു, കുടക് സ്വദേശികൾക്കും സമാന നിബന്ധന ബാധകമാണ്. ഒമാനിൽ കോവിഡ് പരിശോധനയും ഹോട്ടൽ ക്വാറൻറീനും നിർബന്ധമാക്കിയതിനെ തുടർന്നുള്ള അധിക ചെലവ് കണക്കിലെടുത്ത് നാട്ടിലുള്ള നിരവധി പേർ ഒമാനിലേക്കുള്ള യാത്ര നീട്ടിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.