ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘സോക്കർ കാർണിവൽ’ 25, 26 തീയതികളിൽ ബൗഷർ ക്ലബ് സ്റ്റേഡിയത്തിലാണ് അരങ്ങേറുക
മസ്കത്ത്: മസ്കത്തിലെ കളിമുറ്റങ്ങളിലെ കാൽപന്തുകളികൾക്ക് ഇനി രൂപവും ഭാവവും മാറും. ഫുട്ബാൾ മത്സരങ്ങളും വിനോദ പരിപാടികളും സംയോജിപ്പിച്ച് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘സോക്കർ കാർണിവൽ’ തലസ്ഥാന നഗരി ഇന്നേവരെ കണ്ടിട്ടില്ലാത്ത സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ആഘോഷരാവുകൾക്കാണ് വിസിൽ മുഴക്കുന്നത്.
ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ ഏപ്രിൽ 25, 26 തീയതികളിലാണ് സോക്കർ കാർണിവൽ അരങ്ങേറുക. മസ്കത്തിലെ പ്രമുഖരായ 20 ടീമുകളാണ് അങ്കം കുറിക്കുന്നത്. രജിസ്ട്രേഷൻ ആരംഭിച്ചു. ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് 7738 5585 നമ്പറിൽ ബന്ധപ്പെടാം.
ആദ്യദിനം രാത്രി പത്തിനാണ് മത്സരങ്ങൾ തുടങ്ങുക. ഗ്രൂപ് സ്റ്റേജ് മത്സരങ്ങളാണ് ഈ ദിവസം നടക്കുക. ക്വാർട്ടർ മുതൽ ഫൈനൽ വരെയുള്ള മത്സരം 26ന് വൈകീട്ട് നാലുമുതൽ തുടങ്ങും. വിജയികൾക്ക് ആകർഷകമായ സമ്മാന തുകയാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ മികച്ച കളിക്കാർക്കും മറ്റും പ്രോത്സാഹന സമ്മാനങ്ങളും നൽകുമെന്ന് സംഘാകർ അറിയിച്ചു. കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷനുമായി (കെ. എം.എഫ്.എ) സഹകരിച്ചാണ് കാർണിവൽ നടത്തുന്നത്. പ്രവേശനം സൗജന്യമാണ്.
ഈ രണ്ടു ദിനങ്ങളിലും കുട്ടികൾക്കു കുടുംബത്തിന് ആസ്വദിക്കാവുന്ന വിവിധങ്ങളായ വിനോദപരിപാടികളും മത്സരങ്ങളും ഉണ്ടാകും. ഇതിൽ വിജയികളാകുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളും നേടാനാകും. രുചിയുടെ മേളപ്പെരുക്കം തീർത്ത് ഫുഡ് കോർണറുകൾ, കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, ഫേസ് പെയിന്റിങ്, കസേരക്കളി, മറ്റ് മത്സരങ്ങൾ എന്നിവയും നടക്കും.
ഫുട്ബാൾ മത്സരം തീരുന്നതുവരെ ആസ്വാദനത്തിന്റെ പുത്തൻലോകമാണ് കാണികൾക്കായി ഒരുക്കുക. ഫുഡ് കോർണറുകളിൽ കേരളത്തിന്റെ തനത് രുചിക്കൂട്ടുകൾ ആസ്വദിക്കുന്നതിനുള്ള വിഭവങ്ങളാണ് ഒരുക്കുകയെന്ന് സംഘാടകർ അറിയിച്ചു. കണ്ണൂർ വിഭവങ്ങൾക്കായി പ്രത്യേക ഇടവും ഉണ്ടാകും. ഫുട്ബാളും ഭക്ഷണവും സമന്വയിപ്പിച്ച് നടത്തുന്ന കാർണിവെൽ ആസ്വാദനത്തിന്റെ വേറിട്ട കാഴ്ചയായിരിക്കും കാണികൾക്കായി തുറന്നിടുക.
അനസ് എടത്തൊടിക രാജ് കലേഷ്
ആവേശം പകരാൻ അനസ്, കളറാക്കാൻ കല്ലു
മസ്കത്ത്: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘സോക്കർ കാർണിവൽ’ലിൽ ആവേശം തീർക്കാൻ മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടികയും കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ രാജ് കലേഷും എത്തും. പ്രിയപ്പെട്ട താരം അനസ് എടത്തൊടികയുടെ സാന്നിധ്യം ടൂർണമെന്റിന് കൂടുതൽ ആവേശം പകരുമെന്ന് വിവിധ ക്ലബുകളിലെ കളിക്കാർ അഭിപ്രായപ്പെട്ടു. മുഖ്യാതിഥിയായാണ് അനസ് സംബന്ധിക്കുക.
ജേതാക്കളാകുന്നവർക്ക് ട്രോഫിയും അദ്ദേഹം സമ്മാനിക്കും. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അനസ് ഇന്ത്യന് പ്രതിരോധ നിരയിലെ കരുത്തുറ്റ താരമായിരുന്നു. ഇന്ത്യക്ക് വേണ്ടി 19 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞിട്ടുണ്ട്. കുട്ടികൾക്കും കുടുംബത്തിനും വിസ്മയിപ്പിക്കുന്ന മാജിക്കും നുറുങ്ങ് മത്സരങ്ങളുമായി കാണിവൽ നഗരിയെ ഇളക്കിമറിക്കുന്നതായിരിക്കും കലേഷിന്റെ പ്രകടനം. സ്പോട്ട് മത്സരങ്ങളും പ്രേക്ഷകരെ പങ്കാളികളാക്കിയുള്ള വിവിധ കലാപ്രകടനങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കും. കിളിമാനൂർ സ്വദേശിയായ രാജ് കലേഷ് മജീഷ്യൻ, ഷെഫ്, ടെലിവിഷൻ ഷോ അവതാരകൻ, സ്റ്റേജ് കൊറിയോഗ്രാഫർ, പെർഫോമർ എന്നീ നിലകളിൽ പ്രശസ്തനാണ്. മലയാളത്തിലെ വിവിധ ടെലിവിഷൻ ചാനലുകളിൽ വിവിധ ഷോകളും അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.