മസ്കത്ത്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളും തെക്കൻ കൊറിയയും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു. ജി.സി.സി രാജ്യങ്ങൾക്കു വേണ്ടി ജി.സി.സിയുടെ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും കൊറിയയെ പ്രതിനിധീകരിച്ച് വ്യാപാര മന്ത്രി അൻ ദുക്ക് ഗ്യോനും ആണ് കരാറിൽ ഒപ്പുവെച്ചത്.
മറ്റു രാജ്യങ്ങളുമായും അന്താരാഷ്ട്ര ബ്ലോക്കുകളുമായും ജി.സി.സിയുടെ സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനും പൊതുവായ വ്യാപാരം നേടുന്നതിനും ജി.സി.സി രാജ്യങ്ങളിലെ ഉന്നതരുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് സ്വതന്ത്ര വ്യാപാര കരാറുകളെന്ന് ജാസിം മുഹമ്മദ് അൽ ബുദൈവി പറഞ്ഞു.
ഗൾഫ് സാമ്പത്തിക ഏകീകരണം കൈവരിക്കുന്നതിനും ഇരുപക്ഷവും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ചരിത്രപരമായ ചുവടുവെപ്പാണിത്. ഇരു പാർട്ടികളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്താനുള്ള ആഗ്രഹത്തിന്റെ ഭാഗമായി അഞ്ച് റൗണ്ട് ചർച്ചകൾക്ക് ശേഷമാണ് കരാറിലെത്തിയത്.
ഉഭയകക്ഷി വ്യാപാരത്തിന്റെ അളവ് വർധിപ്പിക്കുന്നതിനും ഇരു കക്ഷികളും തമ്മിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാര വിനിമയം വർധിപ്പിക്കുന്നതിനും കരാർ സഹായിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചരക്കുകൾ, സേവനങ്ങൾ, ഡിജിറ്റൽ വ്യാപാരം, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലെ സഹകരണം, കസ്റ്റംസ് നടപടിക്രമങ്ങൾ, ബൗദ്ധിക സ്വത്ത്, മറ്റ് പരസ്പര താൽപര്യമുള്ള വിഷയങ്ങളും ഉൾക്കൊള്ളുന്ന 18 അധ്യായങ്ങൾ കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. സെപ്റ്റംബറിൽ സമാനമായ രീതിയലുള്ള കരാറിൽ പാകിസ്താനുമായും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.