മസ്കത്ത്: ഈ വർഷത്തെ ഹജ്ജ് വിജയകരമായി നടത്താൻ കഴിഞ്ഞതിൽ സൗദി രാജാവിനെ അഭിനന്ദിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കേബ്ൾ സന്ദേശം അയച്ചു.
സൽമാൻ രാജാവിനോട് ആത്മാർഥമായ വികാരങ്ങളും ആശംസകളും അറിയിക്കുകയാണെന്നും തീർഥാടകരെ സേവിക്കുന്നതിൽ സൗദി ഗവൺമെന്റും ജനങ്ങളും നടത്തുന്ന മഹത്തായ പ്രയത്നങ്ങളെ അഭിനന്ദിക്കുകയാണെന്നും കേബ്ൾ സന്ദേശത്തിൽ പറഞ്ഞു.
ഈ വർഷം ഹജ്ജിനായി ലോകത്തിന്റെ നാനാദിക്കുകളിൽനിന്നായി 18,33,164 തീർഥാടകരായിരുന്നു വിശുദ്ധമണ്ണിലെത്തിയത്. സുൽത്താനേറ്റിൽനിന്ന് 14,000 തീർഥാടകർക്കാണ് ഹജ്ജിനു പോകാൻ അനുമതി കിട്ടിയിരുന്നത്. ഇതിൽ 13,500 ഒമാനികളും 250 അറബ് താമസക്കാരും 250 അറബ് ഇതര താമസക്കാരുമാണ് ഉൾപ്പെടുന്നത്.
എറ്റവും കൂടുതൽ ഹജ്ജിനു പോയത് മസ്കത്ത് ഗവർണറേറ്റിൽനിന്നാണ്. ആകെ തീർഥാടകരുടെ 20.77 ശതമാനവും ഇവിടെനിന്നുള്ളവരാണ്. 19.86 ശതമാനവുമായി വടക്കൻ ബാത്തിനയാണ് തൊട്ടടുത്ത്. കുറവ് തീർഥാടകരുള്ളത് അൽവുസ്തയിൽനിന്നാണ്-ഒമ്പത് ശതമാനം. പ്രായം, കുടുംബാ വകാശം, മഹ്റം, സഹയാത്രികർ, ആവർത്തിച്ചുള്ള അപേക്ഷകൾ, ഹജ്ജിന്റെ തരം, ഏറ്റവും പ്രായം കൂടിയ വ്യക്തി, മരിച്ച വ്യക്തിയുടെ പേരിൽ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് അപേക്ഷകരിൽനിന്ന് വിശുദ്ധ കർമത്തിനായി തിരഞ്ഞെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.