മസ്കത്ത്: ഒമാന്‍റെ ആധുനിക നഗര മുഖമായി ഒരുങ്ങുന്ന സുൽത്താൻ ഹൈതം സിറ്റി പദ്ധതിയുടെ ഉദ്ഘാടനത്തിന്‍റെ ഒന്നാം വാർഷികം ആഘോഷിച്ചു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ നടന്ന കെമെക്സ് പ്രദർശന വേദിയിലായിരുന്നു പദ്ധതിയുടെ ഒന്നാം വാർഷിക പരിപാടികൾ നടന്നത്. ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന പരിപാടികൾ.
സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ടം 2030ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം മെയ് 31ന് അൽ ബറക പാലസിൽ നടന്ന ചടങ്ങിൽ സുൽത്താൻ ഹൈതം ബിൻ താരിഖായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. സുൽത്താന്‍റെ സുസ്ഥിര നഗരവികസനവും സാമ്പത്തിക വൈവിധ്യവൽക്കരണ കാഴ്ചപ്പാടുമായും യോജിക്കുന്നതാണ് പദ്ധതി. സിറ്റി പൂർത്തിയാകുന്നതോടെ പുരോഗതിയുടെയും നവീകരണത്തിന്‍റെയും വളർച്ചയുടെയും പ്രതീകമായി നഗരം മാറും. സീബ് വിലായത്തിൽ ഏകദേശം 15 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നഗരം ആസൂത്രണം ചെയ്തിരിക്കുന്നത്. 2,900,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ നഗരം 20,000 ഭവന യൂണിറ്റുകളിലായി 100,000 പേർക്ക് താമസസൗകര്യം നൽകും.
2.9 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ലാൻഡ്സ്കേപ്പുകൾ, 19 സംയോജിത അയൽപക്കങ്ങൾ (ടൗൺഹൗസുകൾ, അപ്പാർട്ട്മെന്റുകൾ മുതലായവ), വാണിജ്യ-അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ, 25 മസ്ജിദുകൾ, 39 സ്കൂളുകൾ, ഒരു റഫറൽ ഹോസ്പിറ്റൽ ഉൾപ്പെടെ 11 ആരോഗ്യ സൗകര്യങ്ങൾ, കായിക സൗകര്യങ്ങൾ, ഒരു യൂനിവേഴ്സിറ്റി, സെൻട്രൽ പാർക്ക്, വിശാലമായ നടപ്പാത, മാലിന്യത്തിൽനിന്ന് ഊർജ്ജ ഉൽപാദനം, വൈദ്യുതിക്കായി സൗരോർജ്ജം, മലിനജല സംസ്കരണം തുടങ്ങിയവ ഈ സിറ്റിയുടെ സവിശേഷതകളാണ്. നാല് വ്യത്യസ്ത ഘട്ടങ്ങളിലൂടെയാസുൽത്താൻ ഹൈതം സിറ്റി നിർമ്മിക്കുന്നത്. 2024 മുതൽ 2030 വരെ നീളുന്ന ആദ്യ ഘട്ടം ഏകദേശം 5 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള നഗര കേന്ദ്രത്തിന്‍റെ വികസനത്തിന് സാക്ഷ്യം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.