മസ്കത്ത്: വേനൽ മാസങ്ങളിൽ വൈദ്യുതി,വെള്ള നിരക്കുകൾ 15 ശതമാനം കുറക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദ്ദേശം. ഈ വർഷം മേയ് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കുറഞ്ഞ വരുമാനക്കാർക്കാണ് നിരക്കിളവിന്റെ ആനുകൂല്യം പൂർണമായി കിട്ടുക. ബുധനാഴ്ച സുൽത്താന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രി സഭ യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനമുണ്ടായത്.
പാർപ്പിട നഗര വികസന മന്ത്രാലയത്തിന് കീഴിലുള്ള ഭവന നിർമാണ പദ്ധതികൾക്കായി 26.4 ദശലക്ഷം റിയാലിന്റെ സാമ്പത്തിക സഹായത്തിനും യോഗം അംഗീകാരം നൽകി. പത്താം പഞ്ചവത്സര പദ്ധതിയുടെ ബാക്കി വരുന്ന കാലങ്ങളിൽ ചില ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് വീടുകൾ ഉണ്ടാക്കി കൊടുക്കാനും ഇത്തരക്കാരെ സുരക്ഷിത മേഖലകളിലക്ക് മാറ്റാനും തീരുമാനമായി. ഒമാൻ ഫ്യൂച്ചർ ഫണ്ട് എന്ന പേരിൽ നിക്ഷേപ ഫണ്ട് ആരംഭിക്കാനും സുൽത്താൻ നിർദ്ദേശിച്ചു. രണ്ട് ശതകോടി റിയാൽ മൂല ധനമുള്ള ഈ പദ്ധതി സാമ്പത്തിക പദ്ധതികൾ നടപ്പാക്കാനും സ്വകാര്യ മേഖലയെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് ആവശ്യമായ പദ്ധതികൾക്ക് പ്രോത്സാഹനം നൽകാനും സഹായകമാവും. ഫണ്ടിന്റെ ഒരു ഭാഗം ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ വളർച്ചക്ക് വിനിയോഗിക്കും.
തൊഴിലില്ലാത്തവർക്ക് നൽകിവരുന്ന തൊഴിൽ സുരക്ഷ ആനുകൂല്യം സ്വകാര്യ മേഖലയിൽനിന്ന് പിരിച്ച് വിട്ടവർക്കും നൽകാനും തീരുമാനമായി. ഈ വർഷം അവസാനം വരെയാണ് ആനുകുല്യം നടപ്പാവുക. ദേശീയ തലത്തിൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനായി 2023^2027 കാലയളവിലേക്ക് സ്കോളർഷിപ്പ് നടപ്പാക്കും. വിദ്യാഭ്യാസ മേഖലയിലെ വളർച്ചക്കായി സ്വകാര്യ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകും. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫീസില്ലാതെ സ്ഥലം അനുവദിക്കാനും യോഗം തീരുമാനിച്ചു. ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഗോതമ്പ് കൃഷിയുടെ പ്രോത്സാഹനത്തിന് നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. കൃഷിയുടെ വികസനത്തിനും പ്രോത്സഹാനത്തിനുമായി കർഷകർക്ക് സബ്സിഡിയും പ്രഖ്യാപിച്ചു.
2027വരെ അഞ്ച് ദശലക്ഷം റിയാലാണ് അനുവദിച്ചത്. ചില ഗവർണറേറ്റുകളിൽ ഗോതമ്പ് കൃഷിക്ക് കൂടുതൽ ഭൂമി അനുവദിക്കും. സലാല വിമാനത്താവളത്തിന് മസ്കത്ത് വിമാനത്താവളത്തിൽ നൽകുന്നത് പോലെയുള്ള എണ്ണ സബ്സിഡി നൽകാനും തീരുമാനമായി. സുൽത്താൻ ഹൈതം സിറ്റിയിൽ അന്താരാഷ്ട്ര ഉന്നത ഗുണ നിലവാരത്തിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ദേശീയ ആരോഗ്യ കേന്ദ്രം സ്ഥാപിക്കാനും മന്ത്രി സഭ അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.