മസ്കത്ത്: ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ, സുൽത്താൻ ഖാബൂസ് തുറമുഖം എന്നിവിടങ്ങളിൽ സേവനം നടത്താൻ ലൈസൻസ് നൽകിയ ആപ് അധിഷ്ഠിത ടാക്സികളുടെ നിരക്ക് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം പ്രഖ്യാപിച്ചു. ഹോട്ടലുകളിൽ സർവിസ് നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാൽ ആയിരിക്കും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 250 ബൈസ ഈടാക്കും. പത്ത് മിനിറ്റ് കഴിഞ്ഞാൽ വെയ്റ്റിങ് ചാർജ് ആയി 50 ബൈസയും നിശ്ചയിച്ചിട്ടുണ്ട്. വാണിജ്യ കേന്ദ്രങ്ങളിലെ ടാക്സി നിരക്ക് 300 ബൈസയിൽ ആരംഭിക്കും. പിന്നീടുള്ള ഓരാ കിലോമീറ്ററിനും 130 ബൈസയായിരിക്കും. കാത്തിരിപ്പ് നിരക്ക് ഹോട്ടൽ ടാക്സികൾക്ക് തുല്യമാണ്. യാത്രയുടെ ഏറ്റവും കുറഞ്ഞ നിരക്ക് ഒരു റിയാൽ ആയിരിക്കും. സുൽത്താൻ ഖാബൂസ് തുറമുഖത്തിൽ സേവനം നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാലായിരിക്കും. പിന്നീട് ഓരോ കി.മീറ്ററിന് 250 ബൈസയും പത്ത് മിനിറ്റ് കഴിഞ്ഞാൽ വെയിറ്റിങ് ചാർജായി 50 ബൈസയും നൽകേണ്ടി വരും.
വാണിജ്യ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, സുൽത്താൻ ഖാബൂസ് തുറമുഖം എന്നിവിടങ്ങളിൽ ടാക്സി സേവനങ്ങൾ നൽകാൻ ആപ് അധിഷ്ഠിത കമ്പനികൾക്ക് ദിവസങ്ങൾക്ക് മുമ്പ് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ടി) ലൈസൻസ് അനുവദിച്ചു. മർഹബയും ഒമാൻ ടാക്സിയും ഹോട്ടലുകളിൽ നിന്നും, ഹല, ഒമാൻ ടാക്സി, ഒടാക്സി, ഹല, തസ്ലീം എന്നിവ മാളുകളിൽനിന്നും, മർഹബ സുൽത്താൻ ഖാബൂസ് തുറമുഖത്തുനിന്നും സർവിസ് നടത്തുന്നതിനുമാണ് അനുമതി നൽകിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രണ്ട് ആപ് അധിഷ്ഠിത കമ്പനികൾക്ക് വിമാനത്താവളങ്ങളിൽനിന്ന് സർവിസ് നടത്താൻ നേരത്തേ അനുമതികൊടുത്തിരുന്നു.
ഈ സംവിധാനത്തിന്റെ രണ്ടാംഘട്ട ഭാഗമായാണ് പുതിയ ലൈസൻസ് അനുവദിച്ചത്. മൂന്നാം ഘട്ടമായി അടുത്ത വർഷം ആദ്യം മുതൽ എല്ലാ വെള്ള, ഓറഞ്ച് ടാക്സികളെയും ആപിൽ ഉൾപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.