മസ്കത്ത്: ഒമാനിലേക്ക് നിയമിതരായ നിരവധി രാജ്യങ്ങളിലെ അംബാസഡർമാർ തങ്ങളുടെ യോഗ്യതപത്രങ്ങൾ സുൽത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി. ഖത്തർ അംബാസഡർ ശൈഖ് മുബാറക് ബിൻ ഫഹദ് ബിൻ ജാസിം ആൽഥാനി, അമേരിക്കൻ അംബാസഡർ അന എ എസ്ക്രോഗിമ, ബ്രസീൽ അംബാസഡർ ആൽഫ്രെഡോ സീസർ മാർട്ടിനോ ലിയോണി, ഉസ്ബകിസ്താൻ അംബാസഡർ അബ്ദുസ്സലാം ഖത്തമോവ്, ഇറാൻ അംബാസഡർ മൂസ ഫർഹാങ് എന്നിവരിൽനിന്നാണ് സുൽത്താൻ യോഗ്യതപത്രങ്ങൾ സ്വീകരിച്ചത്.
സുൽത്താനുമായുള്ള കൂടിക്കാഴ്ചയിൽ അംബാസഡർമാർ തങ്ങളുടെ രാജ്യങ്ങളിലെ നേതാക്കളുടെ ആശംസകൾ കൈമാറി. സുൽത്താന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിൻ കീഴിൽ ഒമാനി ജനത കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്നും ആശംസിച്ചു.
സുൽത്താന്‍ അംഗീകാരപത്രങ്ങൾ കൈമാറാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച അംബാസഡർമാർ ഒമാനി ജനതയുടെയും അവരുടെ രാജ്യങ്ങളിലെ പൗരന്മാരുടെയും സംയുക്ത താൽപര്യങ്ങൾ നിറവേറ്റുന്ന വിധത്തിൽ വിവിധ മേഖലകളിൽ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ആത്മാർഥമായ ശ്രമങ്ങൾ നടത്തുമെന്നും അവർ പറഞ്ഞു.
അംബാസഡർമാരെ സ്വാഗതംചെയ്ത സുൽത്താൻ, അവരുടെ നേതാക്കളുടെ ആശംസകൾക്ക് നന്ദി അറിയിക്കുകയും തങ്ങളുടെ കർത്തവ്യങ്ങൾ സുഗമമാക്കുന്നതിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. അംഗീകാര സമർപ്പണ ചടങ്ങിൽ ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി, വിദേശകാര്യ മന്ത്രി, ഒമാൻ റോയൽ ഗാർഡ് കമാൻഡർ, റോയൽ പ്രോട്ടോക്കോളുകളുടെ തലവൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.