മസ്കത്ത്: പുതിയ അധ്യായന വർഷം തുടങ്ങി ഒരുമാസം ആകാറായിട്ടും ഇന്ത്യൻ സ്കുളുകളിൽ പുസ്തകമെത്തിയില്ല. ഇതോടെ വിവിധ സ്കൂളുകൾക്കുവന്നത് ലക്ഷങ്ങളുടെ നഷ്ടങ്ങൾ. വിദ്യാർഥികൾക്കായുള്ള പഠന ഭാഗങ്ങൾ ഫോട്ടോകോപ്പിയെടുത്ത ഇനത്തിലാണ് ഇത്രയും തുക ചിലവായത്.
ടെൻഡർ എടുത്ത മസ്കത്തിലെ ഏജൻസിയുടെ അനാസ്ഥയാണ് പുസ്തക വിതരണത്തിലെ കാലതാമസത്തിന് കാരണമെന്നാണ് വിവിധ ഇന്ത്യൻ സ്കൂളുകളുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഏകദേശം രണ്ട് വർഷങ്ങൾക്കുമുമ്പാണ് പുസ്തക വിതരണത്തിന് കേന്ദ്രീകൃത സംവിധാനം ബോർഡ് സ്വീകരിക്കുന്നത്. മൂന്ന് പ്രെമോട്ടർ സ്കൂൾ ഒഴികെ 18 ഇന്ത്യൻ സ്കൂളിലേക്കും പുസ്തക വിതരണം എളുപ്പത്തിലാക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ, തുടക്കത്തിൽതന്നെ ഇക്കാര്യത്തിൽ കല്ലുകടി നേരിട്ടു. കഴിഞ്ഞ വർഷത്തെ പുസ്തക വിതരണം മോശമായിരുന്നു. ഇക്കാര്യം പുസ്തക വിതരണത്തെക്കുറിച്ച് അഭിപ്രായം തേടിയപ്പോൾ ബോർഡിനെ സ്കൂൾ അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു. ഇത്തരം അനാസ്ഥ നിലനിൽക്കെയാണ് വീണ്ടും ഈ കമ്പനിയെതന്നെ വിതരണം ഏൽപ്പിക്കുന്നത്. സ്കൂളുകൾ നേരിട്ടു വാങ്ങിയ സമയത്ത് മാർച്ചോടെതന്നെ പുസ്തകം ലഭിച്ചിരുന്നു. പുസ്തക വിതരണത്തിൽ മുൻപരിചയമില്ലാത്ത കമ്പനിയെ ഏൽപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. ടെൻഡർ വിളിച്ചതിനുശേഷം, പുസ്തകങ്ങളുടെ പ്രിന്റ് വിലയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്കൂളിന് നൽകുന്ന കമ്പനിക്കാണ് വിതരണത്തിനുള്ള അവകാശം നൽകുന്നത്. എന്നാൽ, മസ്കത്തിൽനിന്ന് ഈ കമ്പനി മാത്രമാണ് ടെൻഡറിലുണ്ടാകാറുള്ളത്.
ഇവിടെ പുസ്തകം എത്തിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ കണക്കിലെടുത്താണ് ഇന്ത്യയിൽനിന്നുള്ള കമ്പനികൾ പങ്കെടുക്കാതിരുന്നത്. എന്നാൽ, ഈ വർഷം ഇന്ത്യയിൽനിന്നുള്ള ഒരു കമ്പനി ടെൻഡറിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അവസാന നിമിഷം പിൻമാറുകയായിരുന്നു. ഡൽഹിയിലെ സമരവും മറ്റുമാണ് പുസ്തകം എത്തിക്കാൻ വൈകുന്നത് എന്നാണ് ടെൻഡർ എടുത്ത കമ്പനി പറയുന്നത്.
അതേസമയം, കമ്പനി പുസ്തക വിതരണം ആരംഭിച്ചിട്ടുണ്ടെന്നും ഈ ആഴ്ചയോടെതന്നെ പൂർത്തിയാക്കുന്നതാണെന്നും ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാർ ശിവകുമാർ മാണിക്കം ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.