മസ്കത്ത്: ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുമ്പോഴും ഫലസ്തീനികൾക്ക് ആശ്വാസത്തിന്റെ കരങ്ങൾ പകർന്ന് ഒമാനി ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. ഖാലിദ് അൽ ശമൂസി. ഇസ്രായേൽ നരനായാട്ടു മൂലമുണ്ടായ ഗസ്സയിലെ അനുഭവങ്ങളും യൂറോപ്യൻ ആശുപത്രിയിൽ പരിക്കേറ്റവരുമായെത്തുന്ന ഫലസ്തീനികളുടെ കരളലിയിപ്പിക്കുന്ന കാഴ്ചകളും ഡോക്ടർ തന്റെ സമൂഹമാധ്യമ അക്കൗണ്ടായ എക്സിലൂടെ വിവരിക്കുന്നത് ഏവരെയും കണ്ണീരണിയിപ്പിക്കുന്നതാണ്.
എഫ്.എ.ജെ.ആർ ശാസ്ത്ര സംഘടനയുടെ സഹായത്തോടെ വിവിധ സ്പെഷാലിറ്റികളിൽനിന്നുള്ള ഡോക്ടർമാരുടെ സംഘത്തോടൊപ്പം മേയ് രണ്ടിനാണ് ശമൂസി ഗസ്സയിലെത്തിയത്. ഗസ്സയിലെ കുരുന്നുകൾ വിശപ്പടക്കാനായി നാണയങ്ങളും ഉരുളൻ കല്ലുകളും ചെറിയ ബാറ്ററികളും കഴിക്കുന്നുണ്ടെന്ന് എട്ട് വയസ്സുകാരന്റെ അന്നനാളത്തിൽ കുടുങ്ങിയ ലോഹക്കഷണത്തിന്റ എക്സ് റേയുടെ ഫോട്ടോ പങ്കിട്ട് ഡോക്ടർ പറഞ്ഞു. മറ്റൊരു അഞ്ചുവയസ്സുകാരിയുടെ ശരീരത്തിൽനിന്നും വാച്ചിന്റെ ബാറ്ററിയാണ് വേർതിരിച്ചെടുത്തത്. ഇത്തരത്തിലുള്ള ചികിത്സക്കായി ഗസ്സയിൽ എൻഡോസ്കോപ്പിസ്റ്റ് ഇല്ല. പെൺകുട്ടിയോടുള്ള ദൈവത്തിന്റെ കാരുണ്യം കാരണം അന്ന് ഞാൻ ഗസ്സയിലായിരുന്നു. അതുകൊണ്ട് ആ കുട്ടിയെ രക്ഷിക്കാനായി.
കനത്ത ബോംബിങ്ങും വെടിയൊച്ചയൊക്കെയാണ് ചുറ്റും നടക്കുന്നത്. പല നഗരങ്ങളും ഇതിനകം തുടച്ചു നീക്കിയിട്ടുണ്ട്.ബോംബാക്രമണത്തിന്റെ ശക്തിയിൽ തലയും നെഞ്ചും പിളർന്ന ശരീരവുമായി ഒരു സ്ത്രീ ഒരിക്കൽ വന്നിരുന്നു. യുദ്ധത്തിന്റെ മറ്റൊരു വിപത്ത് കുട്ടികളുടെ കൈകാലുകൾ മുറിച്ചുമാറ്റുന്നതാണ്. ബോംബാക്രമണത്തിൽ കുട്ടികളുടെ കൈ കാലുകൾ ഛേദിക്കപ്പെടുകയാണ്. നടക്കാൻ കാലുകളില്ലാതെയും ഭക്ഷണം കഴിക്കാൻ കൈകളില്ലാത്തതുമായ ഒരു കുട്ടിയെ സങ്കൽപ്പിക്കുക.അവൻ എങ്ങനെ ജീവിക്കും? അവന്റെ ഭാവി എന്താണ്? യുദ്ധം ഒരു കുറ്റകൃത്യമാണെന്നും ഡോക്ടർ എക്സിൽ കുറിച്ചു.ഗസ്സയിൽ ഞാൻ സുരക്ഷിതനാണ്.എന്റെ ജീവൻ ഗസ്സയിലെ ഏതൊരു കുട്ടിയേക്കാളും വിലപ്പെട്ടതല്ല. വിവരങ്ങൾ അന്വേഷിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും ഡോക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.