സുഹാർ: ബാത്തിന മേഖലയിൽ നാശം വിതച്ച ശഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് നഷ്ടപ്പെട്ടതും കേടുവന്നതുമായ പാസ്പോർട്ടുകൾ സൗജന്യമായി പുതുക്കി നൽകുമെന്ന ഇന്ത്യൻ അംബാസഡറുടെ പ്രഖ്യാപനം മലയാളികളടക്കമുള്ള നൂറുകണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. നിരവധി പേരുടെ പാസ്പോർട്ടും മറ്റു ജീവിത മാർഗങ്ങളുമായിരുന്നു കഴിഞ്ഞ വർഷം ഒക്ടോബറിലുണ്ടായ കെടുതിയിൽ നഷ്ടമായത്. അന്നുമുതൽ നഷ്ട പരിഹാരത്തിനും കേടുവന്നതുമായ പാസ്പോർട്ടുകൾ സൗജന്യമായി പുതുക്കി നൽകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പാസ്പോർട്ട് നഷ്ടപ്പെട്ടവരുടെ ദുരിതങ്ങളെ കുറിച്ച് 'ഗൾഫ് മാധ്യമ'വും വാർത്തകൾ നൽകിയിരുന്നു.
സൗജന്യ പാസ്പോർട്ട് പുതുക്കലിനായി 61 ആളുകളാണ് എംബസി നൽകിയ ഫോറം പൂരിപ്പിച്ച് നൽകിയത്. ഇതിൽ ചിലർ സ്വന്തംചെലവിൽ പാസ്പോർട്ട് പുതുക്കിയിട്ടുണ്ട്.
സൗജന്യ പുതുക്കലിന്റെ തീരുമാനം നീണ്ടതാണിതിന് കാരണം. നാട്ടിൽ പോകേണ്ടവരും വിസ പുതുക്കേണ്ടവരുമായ ആളുകളാണ് പാസ്പോർട്ട് സ്വന്തം ചെലവിൽ പുതുക്കിയതെന്നും സാമൂഹിക പ്രവർത്തകൻ റെജു മരക്കാത്ത് പറഞ്ഞു. എംബസിയുടെ തീരുമാനം അനിശ്ചിതമായി നീണ്ടപ്പോൾ ഖാബൂറയിലെയും മസ്കത്തിലെയും സാമൂഹിക പ്രവർത്തകർ എം.പി എളമരം കരീമിന് നിവേദനം നൽകുകയും രാജ്യസഭയിൽ ഫെബ്രുവരി നാലിന് ഈ വിഷയം സബ്മിഷനായി ഉന്നയിക്കുകയും ചെയ്തിരുന്നു. നിരന്തരം എംബസിയുമായി ഇടപെടൽ നടത്തിയാണ് തീരുമാനമുണ്ടായതെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗം കൺവീനർ സന്തോഷ്കുമാർ പറഞ്ഞു.
പാസ്പോർട്ട് നഷ്ടപ്പെട്ടവരിൽ ഇനിയും ബാക്കിയുള്ളവർക്ക് രണ്ടുമാസത്തിനുള്ളിൽ പാസ്പോർട്ടുകൾ പുതുക്കി നൽകാമെന്നാണ് എംബസി അധികൃതർ അറിയിച്ചതെന്ന് സാമൂഹിക പ്രവർത്തകരായ രാമചന്ദ്രൻ താനൂർ, ബാലകൃഷ്ണൻ കുനിമ്മേൽ എന്നിവർ പറഞ്ഞു.
ഖാബൂറയിൽ എംബസി ഉദ്യോഗസ്ഥരുടെ ഒരു സിറ്റിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. തീയതി അറിയിക്കുന്ന മുറക്ക് അന്നേ ദിവസം ഫോറം പൂരിപ്പിച്ചു നൽകിയാൽ പാസ്പോർട്ട് പുതുക്കി നൽകാം എന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. സൗജന്യമായി പാസ്പോർട്ട് പുതുക്കൽ ശഹീൻ ദുരന്തത്തിൽപെട്ടവർക്ക് മാത്രമാണെന്ന് എംബസിയുമായി ഇടപെടൽ നടത്തിയ സുനിൽകുമാർ പറഞ്ഞു.
അതേസമയം, നഷ്ടപരിഹാരത്തിനും കച്ചവട സ്ഥാപനങ്ങളുടെ പുനർ നിർമാണത്തിനും ഉതകുന്ന ഒരു തീരുമാനവും എംബസിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തത് കച്ചവടക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പഠനഉപകരണങ്ങൾ, സർട്ടിഫിക്കറ്റുകൾ, പാസ്ബുക്കുകൾ, മറ്റു രേഖകൾ, വളർത്തുമൃഗങ്ങൾ, വീട്ടുപകരണങ്ങൾ എന്നിങ്ങനെ ദുരന്തത്തിൽ നഷ്ടപ്പെട്ട വസ്തുക്കൾ നിരവധിയാണെന്നു ഇരയായവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.