മസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും വർധിച്ച് ഒരു റിയാലിന് 215.10 രൂപ എന്ന നിരക്കിലെത്തി. ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ ഒരു റിയാലിന് 215.10 രൂപ എന്ന നിരക്കാണ് ചൊവ്വാഴ്ച ഉപഭോക്താക്കൾക്ക് നൽകിയത്. ഇത് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കൺവെർട്ടറിൽ റിയാലിന്റെ വിനിമയ നിരക്ക് 215.75 ആയിരുന്നു. ഡോളർ ശക്തമാവുന്നതും നിരവധി കാരണങ്ങളാൽ ഇന്ത്യയിൽനിന്ന് പണം പുറത്തേക്ക് ഒഴുകുന്നതുമാണ് ഇതിന് കാരണം. നിരവധി ഏഷ്യൻ രാജ്യങ്ങളുടെ കറൻസി മൂല്യം ചൊവ്വാഴ്ച ഇടിഞ്ഞിരുന്നു. പാകിസ്താൻ, ചൈന, കൊറിയ അടക്കം നിരവധി രാജ്യങ്ങളുടെ കറൻസികൾ വൻ തകർച്ച നേരിടുകയാണ്. കൊറിയൻ കറൻസിക്ക് ഒരു ശതമാനം കുറവാണ് ഉണ്ടായത്. ചൈന കറൻസിക്ക് അമേരിക്കൻ ഡോളറിനെ അപേക്ഷിച്ച് 7.30 കുറവാണുണ്ടായത്. പാകിസ്താൻ കറൻസിയുടെ വില ഇടിവ് തുടരുകയാണ്.
അതോടൊപ്പം ഡോളർ ഇൻഡക്സ് 104.6 എത്തിയിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് പണം പുറത്തേക്കൊഴുകുന്നുണ്ട്. അതിനാൽ ഏഷ്യ കറൻസികളെല്ലാം ദുർബലമാവുകയാണ്. എണ്ണക്കമ്പനികളാണ് ഡോളറുകൾ വാങ്ങിക്കൂട്ടുന്നതെന്നാണ് വിവരം. ഇതോടെ ചൊവ്വാഴ്ച ഡോളർ വില 83 രൂപ കടന്നു. തിങ്കളാഴ്ച 82.74 രൂപയായിരുന്നു ഡോളർ വില. എണ്ണവില ഉയരുന്നത് ഏഷ്യൻ കറൻസികളെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ മാസം 16ന് വിനിമയ നിരക്ക് 216ന് അടുത്തെത്തിയിരുന്നു.
പിന്നീട് താഴ്ന്ന് കഴിഞ്ഞ മാസം 25ഓടെ റിയാലിന്റെ വില 214ൽ എത്തുകയായിരുന്നു. കുറെ ദിവസമായി നിരക്ക് അൽപം ഉയർന്നെങ്കിലും 215ൽ താഴെ തന്നെയായിരുന്നു. ചൊവ്വാഴ്ച പെട്ടെന്നാണ് നിരക്ക് 215 കടന്നത്.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ റിയാലിന്റെ വിനിമയ നിരക്ക് 206 രൂപയായിരുന്നു. പിന്നീട് ഉയർന്ന് ഒക്ടോബർ 20ന് 215 രൂപ കടക്കുകയായിരുന്നു. വീണ്ടും വിനിമയ നിരക്ക് താഴേക്ക് വരുകയും നവംബർ 11ഓടെ 209ൽ എത്തുകയും ചെയ്തു. ജനുവരി 20ന് വിനിമയ നിരക്ക് 210 രൂപയിലെത്തിയെങ്കിലും പിന്നീട് മുകളിലോട്ട് പോവുകയായിരുന്നു. എണ്ണവില ഇനിയും ഉയരുകയാണെങ്കിൽ നിരക്ക് ഉയരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.