മസ്കത്ത്: പ്രകൃതിസംരക്ഷണത്തിൽ അറബ് മേഖലയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഒമാൻ. സർക്കാർ മുന്നിൽനിന്നും നയിക്കുന്ന എല്ലാ പ്രകൃതിസംരക്ഷണ പ്രവർത്തനത്തിനും പ്രവാസികൾ അടക്കമുള്ളവരുടെ പിന്തുണയും ഉണ്ട്.
അതിൽ എടുത്തുപറയേണ്ട ഒന്നാണ് പ്രവാസികളുടെ 'ഒമാൻ കൃഷിക്കൂട്ടം'. 10 വർഷം മുമ്പുവരെ കൃഷി ഇത്ര ജനകീയമായിരുന്നില്ല, മാത്രവുമല്ല, അത്യാവശ്യത്തിനുള്ള പച്ചക്കറികൾ മാത്രം കൃഷിചെയ്യുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് നൂതനമായ രീതികൾ എല്ലാം കൃഷികളിൽ പരീക്ഷിക്കുമ്പോൾ അത് പ്രകൃതിയെ ചേർത്തുപിടിക്കുന്ന ഒന്നാകുന്നു. ഇന്ന് പാരമ്പര്യകൃഷിക്ക് പുറമെ പുതിയരീതികളും പരീക്ഷിക്കുന്നു.
ഹൈഡ്രോഫോണിക്സ്, അക്വാഫോണിക്സ് രീതികളാണ് ഇതിൽ പ്രധാനം. നേരത്തെ മലയാളികൾ അടക്കം വാട്സ്ആപ്, ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴിയാണ് 'കൃഷിക്കൂട്ട'ങ്ങൾ സജീവമായി കൃഷിയിൽ ഇടപെട്ടിരുന്നത്. ഒമാനിലേത് ഊഷരഭൂമിയാണെന്നും ഈന്തപ്പനകൾക്കുമാത്രം വളക്കൂറുള്ള മണ്ണാണ് തെറ്റിദ്ധരിച്ച ആളുകൾക്കുള്ള മറുപടിയായി അവിശ്വസനീയമായ രീതിയിലാണ് ഓരോ പഴവർഗങ്ങളും പച്ചക്കറികളും കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ വിളയിച്ചെടുത്തത്. മണ്ണ് ഉപയോഗിക്കാതെയുള്ള അക്വാഫോണിക്സ്, ഹൈഡ്രോഫോണിക്സ് കൃഷിരീതികൾക്ക് ഇന്ന് ഏറെ പ്രചാരം ലഭിച്ചതോടെ ഒട്ടേറെ ആളുകൾ ഇതിലേക്ക് തിരിഞ്ഞുകഴിഞ്ഞു. മീൻവളർത്തലിന് ഉപയോഗിക്കുന്ന വെള്ളം കൊണ്ടുതന്നെ കൃഷിചെയ്യുന്ന, പ്രധാനമായും ഇലക്കറികൾ കൃഷി ചെയുന്ന രീതി ഇന്ന് ഇന്ത്യൻ സ്കൂൾ അടക്കമുള്ള സ്ഥാപനങ്ങൾ പ്രധാനമായും പിന്തുടരുന്നുണ്ട്. ഇതിൽ താൽപര്യമുള്ള ആളുകൾക്ക് സൗജന്യമായി പരിശീലനം നൽകാൻ ആളുകളും ഗ്രൂപ്പുകളും സജീവമായുണ്ട്. പാരമ്പര്യകൃഷിക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകാൻ കേരളത്തിൽനിന്നുള്ള കാർഷിക സർവകലാശാലയിലെ അധ്യാപകരുമുണ്ട്. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം എന്താണെന്ന് എല്ലാവർക്കും ബോധ്യമുണ്ട് എന്നതുതന്നെ നല്ലൊരു സൂചകമാണ്. അതിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് പ്രകൃതിയെ കൂടി ചേർത്തുപിടിക്കുന്ന കൃഷിക്കൂട്ടങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.