മസ്കത്ത്: പൂക്കളമൊരുക്കാൻ പൂവുകൾ എത്തിത്തുടങ്ങിയതോടെ പ്രവാസ ലോകവും ഓണാഘോഷങ്ങൾക്കൊരുങ്ങി. അത്തം തുടങ്ങുന്നതിന് മുമ്പേ വീടുകളിൽ ഒരുക്കങ്ങൾ ആരംഭിക്കും. ഫ്ലാറ്റുകളും, വില്ലകളും, താമസിക്കുന്ന ഇടങ്ങളും കഴുകി വൃത്തിയാക്കി കഴിഞ്ഞ ഓണഘോഷത്തിന് ശേഷം മാറ്റിവെച്ച വീട്ടു സാധനങ്ങൾ, നിലവിളക്ക്, ഓട്ടുപാത്രങ്ങൾ, ഉരുളി തുടങ്ങിയവ പുറത്തെടുത്ത് തേച്ചു മിനുക്കി വെക്കും.
വെള്ളിയാഴ്ചയാണ് അത്തം ഒന്ന്. ഓണത്തിലെ ഒരു പ്രധാന ആഘോഷത്തിൽപ്പെട്ടതാണ് ഓണപ്പൂക്കളം. മാവേലിത്തമ്പുരാനെ സ്വീകരിക്കാൻ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്ന രീതിയാണ് കേരളത്തിലെങ്കിൽ, പ്രവാസ ലോകത്ത് വീടിന്റെ അല്ലെങ്കിൽ ഫ്ലാറ്റിന് മുന്നിലെ വാതിലിനരികിലാണ് പൂക്കളം തീർക്കുക. അത്തം മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുക.
ആദ്യ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ, മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാട നാളിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുക. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാണ് ഓണത്തിന്. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ച് കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുന്നിൽ ആവണിപ്പലകയിലിരിക്കും. തുടർന്ന് ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് മുന്നിൽ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്.
അതേ സമയം ഓണാഘോഷം കേമമാക്കാൻ നാട്ടിൽ നിന്ന് പൂക്കൾ ഒമാനിൽ എത്തി തുടങ്ങി. ഇത്തവണ വലിയ സ്റ്റോക്കാണ് എത്തിയിരിക്കുന്നതെന്നും ഓണം അടുക്കുന്നതോടെ കൂടുതൽ പൂക്കളെത്തുമെന്നും റൂവി റെക്സ് റോഡിലെ അമാന ഷോപ്പിങ് സെന്റർ ഉടമ നൗഷാദ് പറഞ്ഞു. ഒമാനിലെ എല്ലാ ആഘോഷങ്ങൾക്കും പൂക്കളും മറ്റു സാധനങ്ങളും എത്തിക്കുന്ന നൗഷാദിന് വാഴ ഇല, ചക്ക, കടച്ചക്ക, പൂവൻ പഴം, മറ്റുഅലങ്കാര, പൂജ വസ്തുക്കൾ എന്നിവയ്ക്കും വലിയ ഓർഡർ ലഭിച്ചിട്ടുണ്ട്.
തൊടിയിൽനിന്ന് നുള്ളിയെടുക്കുന്ന മുല്ലയും ചെട്ടിയും ചെത്തിയും ചെമ്പരത്തിയും കാക്കപ്പൂവും കൊണ്ട് പൂക്കളം തീർക്കുന്ന പോയ കാലത്തെ ഓർമ്മിപ്പിച്ച് വിലക്കൊടുത്ത് വാങ്ങുന്ന പൂക്കളാൽ പ്രവാസ ലോകത്തും പൂക്കളം ഒരുക്കുകയാണ് പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.