മസ്കത്ത്: അമീറാത്ത് ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച തുടക്കമാകുന്ന ചതുർ രാഷ്ട്ര ട്വന്റി20 ടൂർണമെന്റിൽ ആതിഥേയരായ ഒമാൻ നേപ്പാളിനെ നേരിടും. ഉച്ചക്ക് രണ്ടിനാണ് മത്സരം. രാവിലെ പത്തിന് നടക്കുന്ന മത്സരത്തിൽ യു.എ.ഇ അയർലൻഡിനെയും നേരിടും. ഒമാൻ, യു.എ.ഇ, നേപ്പാൾ, അയർലൻഡ് എന്നീ നാല് ടീമുകളാണ് പങ്കെടുക്കുന്നത്. ഓരോ രാജ്യവും നേരിട്ട് ഓരോ പ്രാവശ്യം ഏറ്റുമുട്ടും.
ഏറ്റവും അധികം പോയന്റ് ലഭിക്കുന്ന ടീം ജേതാക്കളാകും. ഫെബ്രുവരി 11, 12, 14 തീയതികളിലാണ് മത്സരം. കോവിഡ് നിയന്ത്രണം മൂലം സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല. യു.എ.ഇക്കെ തിരായ ഏകദിന പരമ്പര ഒമാന് നഷ്ടമായിരുന്നു. ആദ്യ രണ്ടു ഏകദിനത്തിലും പരാജയപ്പെടുകയും മൂന്നാം മത്സരം സമനിലയിൽ കലാശിക്കുകയുമായിരുന്നു. തുടർച്ചയായി മൂന്നാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ടു ബാറ്റ് ചെയ്യേണ്ടി വന്ന ഒമാൻ 214 റൺസിന് പുറത്തായെങ്കിലും ബൗളർമാരുടെ മികച്ച പ്രകടനം മത്സരത്തിലേക്ക് തിരികെ കൊണ്ടു വരുകയായിരുന്നു. യു.എ.ഇ യുടെ മുൻനിര ബാറ്റർമാർ 150 റൺസിനുള്ളിൽ പുറത്തായിട്ടും അവസരം മുതലാക്കാൻ ഒമാനായില്ല. ചതുർരാഷ്ട്ര ടൂർണമെന്റിൽ കൂടുതൽ ആത്മവിശ്വാസത്തോടെ കളിക്കളത്തിൽ ഇറങ്ങുക യു.എ.ഇ ആണ്. ഒമാനിലെ സാഹചര്യവുമായി ഇണങ്ങി എന്നതാണ് ഏറ്റവും അനുകൂല ഘടകം. യു. എ.ഇ ടീമിൽ മൂന്നു മലയാളികൾ കളിക്കുന്നുണ്ട്.
ചതുർരാഷ്ട്ര ടൂർണമെന്റിനു ശേഷം ഈവർഷം ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് യോഗ്യത മത്സരങ്ങൾ ആരംഭിക്കും. ഫെബ്രുവരി 18-24 വരെയാണ് ട്വന്റി20 ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുക. രണ്ടു ഗ്രൂപ്പുകളായി എട്ടു ടീമുകൾ പങ്കെടുക്കും.
ഓരോ ഗ്രൂപ്പിൽനിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർ സെമി ഫൈനലിലും തുടർന്ന് ഫൈനലിലും ഏറ്റുമുട്ടും. ഫെബ്രുവരി 24നാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.