മസ്കത്ത്: ഒമ്പത് ദിവസത്തെ പെരുന്നാൾ അവവധിക്കു ശേഷം സ്വദേശികളും പ്രവാസികളും ഇന്നു മുതൽ വീണ്ടും ജോലിത്തിരക്കിലേക്ക്. ബലിപെരുന്നാളിന് ഈ വർഷം അഞ്ച് ദിവസത്തെ അവധിയാണുണ്ടായിരുന്നത്. ഇതിനോട് രണ്ട് വാരാന്ത്യങ്ങൾകൂടി ചേർന്നപ്പോൾ ഒമ്പത് ദിവസത്തെ അവധിയാണ് ലഭിച്ചത്. സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങൾക്കും നീണ്ട അവധി ലഭിച്ചതിനാൽ ഒമാനിലെ വ്യാപാര മേഖല ഒഴികെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞു കിടന്നിരുന്നു. ബാങ്കിങ് മേഖലയടക്കം എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കും നീണ്ട അവധി ലഭിച്ചതു കാരണം ഒമാൻ മൊത്തം ആലസ്യത്തിലായിരുന്നു. അടഞ്ഞു കിടന്നവ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കുന്നതോടെ എല്ലാ സ്ഥാപനങ്ങളിലും നല്ല തിരക്ക് അനുഭവപ്പെടും. ബാങ്കുകൾ, വിസ, റസിഡന്റ് കാർഡ് എന്നിവ പുതുതായി എടുക്കുകയും പുതുക്കുകയും ചെയ്യുന്ന കേന്ദ്രങ്ങൾ, വാണിജ്യ മന്ത്രാലയം, ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങിൽ ആഴ്ചയിൽ നല്ല തിരക്കാണ് അനുഭവപ്പെടുക. നാട്ടിൽ പോയവരും വിനോദ സഞ്ചാരത്തിനു പോയവരും തിരിച്ചെത്താത്തതിനാൽ തിരക്ക് കൂടുതൽ വർധിക്കും. ഓഫിസുകളും സ്ഥാപനങ്ങളും തുറക്കുന്നതോടെ റോഡുകളിലും തിരക്ക് വർധിക്കും.
നാട്ടിൽ പോയവരും അവധി ആഘോഷിക്കാൻ മറ്റു രാജ്യങ്ങളിൽ പോയവരും ശനിയാഴ്ചതന്നെ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ തിരിച്ചെത്തിയവരും നിരവധിയാണ്. ഇവരെല്ലാം ആലസ്യത്തോടെയാണ് ഇന്ന് തൊഴിൽ സ്ഥാപനങ്ങളിലെത്തുക. അതിനാൽ ഇതും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കും.
ഈ അവധി പലരും താമസ ഇടങ്ങളിൽ തന്നെയാണ് കഴിച്ചു കൂട്ടിയത്. ഇത് ഒമാനിലെ വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്. പതിവിൽനിന്ന് വിപരീതമായി വ്യാപാര സ്ഥാപനങ്ങളിലെല്ലാം അവധി ദിവസങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വൈകുന്നേരങ്ങളിൽ ഈ തിരക്ക് വർധിച്ചിരുന്നു. പലർക്കും എങ്ങോട്ടും പോവനില്ലാത്തതിനാൽ ഹൈപ്പർ മാർക്കറ്റുകളിലാണെത്തിയത്. ഒമാനിൽ അനുഭവപ്പെടുന്ന കടും ചൂട് കാരണം വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ആളൊഴിഞ്ഞു കിടന്നിരുന്നു. കടുത്ത ചൂട് കാരണം പലരും ദൂരയാത്ര ഒഴിവാക്കുകയും ചെയ്തിരുന്നു. സ്ഥിരം വിനോദ സഞ്ചാര കേന്ദ്രങ്ങളായ പാർക്കുകളും മറ്റും ആളൊഴിഞ്ഞു കിടന്നു. എന്നാൽ ബീച്ചുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. വൈകുന്നേരങ്ങളിലാണ് ബീച്ചുകളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നത്. വെള്ളച്ചാട്ടങ്ങളിലും നീരൊഴുക്കുള്ള പ്രദേശങ്ങളിൽ ചിലർ അവധി ആഘോഷിക്കാനെത്തിയിരുന്നു. മികച്ച കാലാവസ്ഥ അനുഭവപ്പെടുന്ന ജബൽ അഖ്ദറിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ജബൽ അഖ്ദറിൽ ഹോട്ടലുകളും മറ്റും നിറഞ്ഞിരുന്നു. എന്നാൽ, കടുത്ത നിയന്ത്രണമുള്ളതിനാൽ സാധാരണക്കാർക്ക് ഇവിടത്തേക്ക് പോവാൻ കഴിയുന്നില്ല. ഫോർവീലർ വാഹനങ്ങൾ ഉള്ളവർക്കും ഉയർന്ന വാടക നൽകി ഫോർവീലറിൽ യാത്ര ചെയ്യാൻ കഴിയുന്നവർക്കുമാണ് ജബൽ അഖ്ദറിലെത്താൻ കഴിയുക. ഇത് പൊതുവേ സാമ്പത്തിക ചെലവുള്ളതിനാൽ കുറഞ്ഞ വരുമാനക്കാർ ഇവിടെ അവധി ആഘോഷിക്കാനെത്തില്ല. നീണ്ട അവധിയുണ്ടായിട്ടും ഉയർന്ന വിമാന നിരക്ക് കാരണം നാട്ടിൽ പോവാൻ കഴിയാത്തവരും നിരവധിയായിരുന്നു. പെരുന്നാൾ അവധിക്കാലത്ത് വിമാനത്തിൽ സീറ്റ് പോലും കിട്ടാനുണ്ടായിരുന്നില്ല. സ്കൂൾ അവധി ആരംഭവും പെരുന്നാൾ അവധിയും ഒന്നിച്ചു വന്നതാണ് വിമാനത്തിലെ തിരക്കിന് പ്രധാന കാരണം. അവധി ആരംഭത്തിൽ മൃതശരീരത്തെ അനുഗമിക്കേണ്ടവർക്ക് ഉയർന നിരക്ക് നൽകാൻ തയാറായിട്ടു പോലും ടിക്കറ്റുകൾ ലഭിച്ചിരുന്നില്ല. രണ്ട് സമയത്തുള്ള രണ്ട് വിമാനങ്ങളിലായാണ് ബന്ധുക്കൾ മൃതദേഹത്തെ അനുഗമിച്ചത്. വളരെ കുറഞ്ഞ പേർ മാത്രമാണ് പെരുന്നാൾ അവധിക്ക് മാത്രമായി നാട്ടിൽ പോയത്.
സാധാരണ നീണ്ട അവധിക്കാലം വരുമ്പോൾ വിദേശ രാജ്യങ്ങളിലേക്ക് നിരവധി പേർ അവധി ആഘോഷിക്കാൻ പോവാറുണ്ട്. ജോർജിയ, അസൈർബൈജാൻ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ പേർ അവധി ആഘോഷിക്കാൻ പോവുന്നത്. താമസം ഭക്ഷണമടക്കമുള്ള വിവിധ പാക്കേജുമായി പല ട്രാവൽ ഏജന്റുമാരും രംഗത്തുണ്ടെങ്കിലും മിഡിലീസ്റ്റിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഗണിച്ച് യാത്രകൾ ഒഴിവാക്കിയവരും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.