മസ്കത്ത്: ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള അവധിക്ക് ശേഷം ജനജീവിതം ഞായറാഴ്ച സാധാരണ നിലയിലേക്ക് നീങ്ങും.സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങൾക്കും അവധിയായതിനാൽ ഒമാൻ ഏറക്കുറെ നിശ്ചലമായിരുന്നു. നാലുദിവസത്തെ അവധിക്ക് ശേഷം വീണ്ടും തുറക്കുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെടും. വിസ, റസിഡൻറ് കാർഡ് നടപടി ക്രമങ്ങൾ, മറ്റ് മുനിസിപ്പാലിറ്റി സേവനങ്ങളടക്കം എല്ലാ മേഖലയിലും തിരക്ക് അനുഭവപ്പെടുന്നതിനാൽ സേവനങ്ങൾക്ക് കാലതാമസമെടുക്കും. സർക്കാർ സേവനങ്ങളുടെ ഏജൻസിയായ സനദ് ജഓസുകളിലും നല്ല തിരക്ക് അനുഭവപ്പെടും. അവധി ആഘോഷിക്കാൻ നാട്ടിലും ദുബൈയിലും പോയവർ ശനിയാഴ്ച മുതൽതന്നെ തിരിച്ചെത്തിയിരുന്നു.
അധിക അവധിയെടുത്തവർ അടുത്ത ആഴ്ചയോടെയാകും എത്തിച്ചേരുക. യു.എ.ഇയിൽ സന്ദർശനത്തിന് പോയവർ തിരിച്ചുവരാൻ തുടങ്ങിയതോടെ അതിർത്തി ചെക്പോസ്റ്റിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അവധി അവസാനിച്ചതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആളൊഴിഞ്ഞു. പൊതു അവധി ദിനങ്ങളിൽ രാജ്യത്തെ വിവിധ ടൂറിസം സ്ഥലങ്ങളിൽ നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്.
ചൂട് കുറഞ്ഞ അനുകൂലമായ കാലാവസ്ഥ മുതലാക്കിയാണ് സ്വദേശികളും വിദേശികളുമടക്കമുള്ളവർ കൂട്ടത്തോടെ കുടുംബവുമായി ടൂറിസം സ്ഥലങ്ങളിൽ എത്തിയത്.വാദീ ബനീ ഖാലിദ്, സൂറിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ, വദീ ഹുകൈൻ, ജബൽ അഖ്ദർ, നിസ്വ, നിസ്വ കോട്ട എന്നിങ്ങനെയുള്ള ടൂറിസം സ്ഥലങ്ങളിലായിരുന്നു നല്ല ജനത്തിരക്ക് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.