മസ്കത്ത്: ഉച്ചവിശ്രമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് മസ്കത്തിൽ 49 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് തൊഴിൽ മന്ത്രാലയം അധികൃതർ അറിയിച്ചു.
കത്തുന്ന വെയിലിൽ തൊഴിലാളികൾക്ക് ആശ്വാസമേകാനായുള്ള നിയമം പ്രാബല്യത്തിൽവന്ന് ഒരുമാസത്തിനിടെയാണ് ഇത്തരം ലംഘനങ്ങൾ കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. നിയമം പാലിക്കാത്ത കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്തു. തലസ്ഥാന നഗരിയിൽ തൊഴിൽ മന്ത്രാലയം അധികൃതർ 143 ഫീൽഡ് സന്ദർശനങ്ങളും തൊഴിലുടമകൾക്കും ജീവനക്കാർക്കുമായി 72 ബോധവത്കരണ സെഷനുകളും നടത്തി.
വടക്കൻ ബാത്തിനയിൽ തൊഴിലുടമകൾക്കും ജീവനക്കാർക്കുമായി 54 ഫീൽഡ് സന്ദർശനങ്ങളും 17 ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ദാഖിലിയയിൽ 24 ഫീൽഡ് സന്ദർശനങ്ങളാണ് നടത്തിയത്. 147 ബോധവത്കരണ പരിപാടികളും ഒരുക്കി.
ദാഹിറയിൽ 26 ഫീൽഡ് സന്ദർശനങ്ങളും 50 ബോധവത്കരണ സെഷനുകളും ദോഫാർ മേഖലയിൽ ഏഴ് ബോധവത്കരണ സെഷനുകളും 14 ഫീൽഡ് സന്ദർശനങ്ങളും ബുറൈമിയിൽ 16 ഫീൽഡ് സന്ദർശനങ്ങളും 16 ബോധവത്കരണ പരിപാടികളും തൊഴിൽ മന്ത്രാലയം അധികൃതരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മുസന്ദത്ത് നടത്തിയ 45 ഫീൽഡ് സന്ദർശനത്തിൽ 15 കമ്പനികൾക്ക് തൊഴിൽ മന്ത്രാലയം പിഴ ചുമത്തി.
തൊഴിൽ മന്ത്രാലയം എല്ലാർവർഷവും പ്രഖ്യാപിക്കാറുള്ള ഉച്ച വിശ്രമവേള ജൂൺ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺമുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്തു ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് വിശ്രമം നൽകുന്നത്.
ഇതുപ്രകാരം പുറത്തു ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30 മുൽ 3.30 വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യഹാന അവധി നൽകുന്നത്.
ഉച്ചവിശ്രമം നടപ്പിലാക്കാൻ തൊഴിൽ സ്ഥാപനങ്ങളുടെയും കമ്പനികളുടെ സഹകരണം ബന്ധപ്പെട്ടവർ നടത്തിയിട്ടുണ്ട്. അതേസമയം, ഇത് ലഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നൽകി. 500റിയാലിൽ കുറയാത്തതും 1000റിയാലിൽ കൂടാത്തതുമായ പിഴയും ചുമത്തും.
തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവേക്കേണ്ടതാണെന്ന് അധികൃതർ അറിയച്ചിട്ടുണ്ട്. ഉച്ച സമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 118ലെ വ്യവസ്ഥകളനുസരിച്ച് മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും.
നിയമം പാലിക്കുന്നുണ്ടോ എന്ന് ടാസ്ക് ഫോഴ്സ് നിരീക്ഷിക്കും. കേസ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റുകൾ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
ഉച്ച വിശ്രമ നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി കഴിഞ്ഞദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിനുകൾ നടപ്പാക്കിയിരുന്നു. നിലവിൽ രാജ്യത്ത് പലയിടത്തും 50ന് അടുത്താണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.