മത്രയിലെ സ്കൂൾ ബാഗ് കടകളിലൊന്ന്

സ്കൂൾ വിപണി മന്ദഗതിയിലെന്ന് വ്യാപാരികൾ

മത്ര: വേനലവധിക്കു ശേഷം സ്വദേശി സ്കൂളുകൾ തുറക്കാന്‍ ഒരാഴ്ച മാത്രം ശേഷിെക്ക, സ്കൂൾ വിപണി മന്ദഗതിയിലെന്ന് വ്യാപാരികൾ. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ സ്കൂള്‍ വിപണി കോവിഡ് മഹാമാരി കവര്‍ന്നതിനാല്‍ ഈ വര്‍ഷത്തെ സീസണില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയായിരുന്നു വ്യാപാരികൾ. അതുകൊണ്ടുതന്നെ സ്കൂൾ ബാഗുകളും അനുബന്ധ സാമഗ്രികളും വലിയ തോതില്‍ സ്റ്റോക്ക് ചെയ്താണ് അവർ ഒരുങ്ങിയിരുന്നത്. എന്നാല്‍, വിപണിയിൽ ചരിത്രത്തിലില്ലാത്ത വിധം കാണുന്ന തകര്‍ച്ച ആശങ്ക പരത്തുന്നുണ്ട്. ഈ മാസത്തെ ശമ്പളം വരുന്നതോടെ സ്കൂള്‍ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ വ്യാപാരികൾ.

ബലി പെരുന്നാള്‍ കഴിഞ്ഞതു മുതൽ വിപണിയെ മാന്ദ്യം പിടികൂടിയിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. സ്വദേശികളില്‍ നല്ലൊരു ശതമാനവും സലാലയിലേക്കും ചൂട് കുറഞ്ഞ മറ്റ് രാജ്യങ്ങളിലേക്കും അവധി ആഘോഷിക്കാന്‍ പോയതും വിപണി അഭിമുഖീകരിക്കുന്ന തളര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. മക്കളെ സ്കൂളിൽ വിടാന്‍ ഇത്തവണ രക്ഷിതാക്കള്‍ക്ക് ചെലവേറും എന്നതും വിപണിയെ ബാധിക്കാനിടയുണ്ട്‌. യുക്രെയ്ൻ-റഷ്യ യുദ്ധവും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയുമൊക്കെ മൂലം മിക്ക സാധനങ്ങളുടെയും വില കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇത് സ്കൂൾ വിപണിയിലും കാര്യമായി പ്രതിഫലിക്കും. അത്യാവശ്യം ഗുണമുള്ള ബാഗുകള്‍ക്ക് ആറ് റിയാലിന് മുകളില്‍ വില വരുന്നുണ്ട്. പഠിക്കുന്ന രണ്ടും മൂന്നും കുട്ടികളുള്ള കുടുംബങ്ങളെ വിപണയിലെ വില വര്‍ധന സാരമായി ബാധിക്കും.

സെപ്റ്റംബർ ഒന്നിനാണ് രാജ്യത്തെ സ്കൂളുകൾ സമ്പൂര്‍ണമായി തുറക്കുന്നത്. അതേസമയം, വിദ്യാർഥികൾക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം ന്യായമായ വിലക്ക് വിപണിയിൽ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പരിശോധന ശക്തമാക്കിയിട്ടുണ്ട്. വില സംബന്ധിച്ചോ സാധനങ്ങളുടെ ലഭ്യത സംബന്ധിച്ചോ രക്ഷിതാക്കളോ വിദ്യാർഥികളോ ആശങ്കപ്പെടേണ്ടതില്ലെന്നും വില കൂട്ടിയതായി ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Traders say the school market is slow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.