മത്ര: സ്കൂൾ സീസൺ അവസാനിച്ചതോടെ ആളും ആരവവും ഒഴിഞ്ഞ് മത്ര സൂഖ്. വ്യാപാരമാന്ദ്യം ചരിത്രത്തിലില്ലാത്തവിധം രൂക്ഷം. ബലിപെരുന്നാള്‍, സ്കൂൾ സീസണുകള്‍ക്കുശേഷം പൊതുവേ ഒരു മാന്ദ്യം കച്ചവടത്തില്‍ കാണാറുണ്ടെങ്കിലും ഇക്കുറി കടുത്ത നിര്‍ജീവാവസ്ഥയിലാണെന്ന് മത്രയിലെ കച്ചവടക്കാര്‍ പറയുന്നു. മാസാവസാന ശമ്പള സമയമായിട്ടും കഴിഞ്ഞ ദിവസങ്ങളിൽ മാര്‍ക്കറ്റില്‍ തീരെ ആളനക്കമില്ലാത്തത് പ്രയാസമാണ് വ്യാപാര മേഖലക്ക് ഉണ്ടാക്കുന്നത്. ഏത് ഓഫ്സീസണിലും വാരാന്ത്യ ദിനങ്ങളില്‍ അനുഭവപ്പെടാറുള്ള തിരക്കുപോലും കഴിഞ്ഞ ചില ആഴ്ചകളില്‍ ഉണ്ടായില്ല. ഈ മാസം ആരംഭിക്കാനിരിക്കുന്ന ടൂറിസം സീസണിലേക്ക് പ്രതീക്ഷയോടെ കണ്ണും നട്ടിരിക്കുകയാണ് ഒരു വിഭാഗം കച്ചവടക്കാര്‍. നിലവില്‍ വില ചോദിക്കാന്‍ പോലും ആളുകളെത്താത്ത അവസ്ഥയാണ് സൂഖിലുള്ളത്. ഇത്രയും നിര്‍ജീവമായി സൂഖിനെ കണ്ടിട്ടേയില്ലെന്നാണ് വ്യാപാരികള്‍ ഒന്നടങ്കം പറയുന്നത്. കോവിഡിനുശേഷം സ്വദേശികളുടെ സാധനങ്ങൾ വാങ്ങുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. സ്വദേശികള്‍ക്കിടയില്‍ തരംഗമായി വാട്സ്ആപ്, ഓണ്‍ലൈന്‍ കച്ചവടം നടക്കുന്നതിനാല്‍ സൂഖിലേക്കുള്ള ആളുകളുടെ വരവ് കുറയാൻ മറ്റൊരു കാരണമായി വര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. പെരുന്നാള്‍ സീസണ് കഴിഞ്ഞ് പ്രവാസികളില്‍ നല്ലൊരു ശതമാനം നാട്ടില്‍ പോയതിനാല്‍ അവരെക്കൊണ്ട് ഉണ്ടാകാറുള്ള കോസ്മറ്റിക്സ് ചില്ലറ വ്യാപാരം പോലും നടക്കുന്നില്ലെന്ന് നിരാശയോടെ വ്യാപാരികള്‍ പറയുന്നു. ഒക്ടോബർ അവസാനത്തോടെ ക്രൂയിസ് സീസണ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കപ്പലുകളുടെ വരവ് സംബന്ധമായ അറിയിപ്പുകള് ടൂറിസം മേഖലകളില്‍ എത്തിയിട്ടുണ്ടെന്നത് ആ മേഖലയിലുള്ളവരുടെ വലിയ പ്രതീക്ഷയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.