ഞാൻ കഴിഞ്ഞ 17 കൊല്ലമായി ഒമാനിൽ ഇബ്രിയിൽ ഒരു ഹാർഡ്വെയർ ഷോപ്പിൽ ജോലി ചെയ്തു വരികയാണ്. ഏഴു കൊല്ലത്തിലേറെയായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലുമാണ്. ഇടക്ക് നാട്ടിൽ നിന്ന് വരുന്ന പരിചയക്കാരായ യാത്രക്കാർ മുഖേനയും, ലീവിന് നാട്ടിൽ പോകുമ്പോഴുമാണ് വേണ്ടതായ മരുന്നുകൾ കൊണ്ടുവരുന്നത്. ഇപ്പോൾ എെൻറ പക്കലുള്ള മരുന്നുകൾ തീരാറായി. അതിന് പകരമുള്ളവക്ക് ഇവിടെ വലിയ വിലയുമാണ്. എെൻറ ലീവിെൻറ സമയം ആയിട്ടുമില്ല. ഒരു ബന്ധു ഈ അടുത്ത് തന്നെ നാട്ടിൽ നിന്നും വിസിറ്റിഗ് വിസയിൽ വരുന്നുണ്ട്. മറ്റുള്ളവർക്കുള്ള മരുന്നുകൾ കൊണ്ടുവരാൻ വിസിറ്റ് വിസയിൽ വരുന്നവർക്ക് കഴിയുമോ? ഒമാനിൽ പല മരുന്നുകളും കൊണ്ട് വരുമ്പോൾ കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് കേട്ടിട്ടുണ്ട്, അത് സംബന്ധിച്ചുള്ള പുതിയ നിയമങ്ങൾ എന്താണ്?
(അനിൽ തങ്കച്ചൻ, ഇബ്രി)
പലപ്പോഴും അന്യ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സമയത്ത് പ്രസ്തുത രാജ്യങ്ങളിലേക്ക് മരുന്നുകൾ കൊണ്ടുപോകുന്നത് നിയന്ത്രിക്കുന്ന നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ നിമിത്തം നിയമക്കുരുക്കുകളിൽ പെട്ടു പോകുന്ന ഒട്ടനവധി പേരുടെ വാർത്തകൾ നമ്മൾ പലപ്പോഴായി കേൾക്കാറുണ്ട്. ഈ മരുന്നുകൾ അവരുടെ നാട്ടിൽ യഥേഷ്ടം കൈവശം കരുതി യാത്ര ചെയ്യുവാൻ അനുവാദമുള്ള ഗണത്തിൽ പെട്ടതാകാം. എന്നാൽ മറ്റു രാജ്യങ്ങളിലേക്കു യാത്ര പോകുമ്പോൾ അവിടെ നിയന്ത്രണമുള്ള മരുന്നുകളെക്കുറിച്ചുള്ള അറിവ് വളരെ സുപ്രധാനമാണ്.
യാത്രികർക്ക് പ്രശ്‌നമുണ്ടാക്കുന്ന തരത്തിലുള്ള മരുന്നുകൾ പ്രധാനമായും രണ്ട് വിഭാഗങ്ങളിൽ ഉൾപ്പെടുന്നവയാണ്; 1. അന്താരാഷ്ട്ര നിയമത്തിന് വിധേയവും മയക്കുമരുന്നായി ഉപയോഗിക്കപ്പെടുവാൻ സാധ്യതയുമുള്ള കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്നതുമായ മയക്കുമരുന്നുകൾ (നാർക്കോട്ടിക് ഡ്രഗ്സ്). മയക്കുമരുന്നുകളിൽ ഭൂരിഭാഗവും വേദനസംഹാരികളുമായും അതിെൻറ ഡെറിവേറ്റീവുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. 2. സൈക്കോട്രോപിക് പദാർഥങ്ങൾ ചേർക്കപ്പെട്ടിട്ടുള്ളവ. ഇത് സാധാരണയായി ഉത്കണ്ഠ, വിഷാദം പോലുള്ള മാനസിക വൈകല്യങ്ങൾ പരിഹരിക്കുന്നതിനും ന്യൂറോളജിക്കൽ രോഗങ്ങളുടെ ചികിത്സക്കും ഉപയോഗിക്കുന്നതാണ്.
നാട്ടിൽ നിന്ന് മരുന്നുകൾ കൊണ്ടുവരുന്നത് സംബന്ധിച്ച് കൃത്യമായ മാർഗ നിർദേശങ്ങൾ ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ലഹരി മരുന്നുകളുടെ വർധിച്ചുവരുന്ന ദുരുപയോഗം തടയുകയാണ് ഇത് കൊണ്ട് ഉദേശിക്കുന്നത്. സ്വകാര്യ ആവശ്യത്തിലേക്കായി ലഹരി അനുബന്ധ ഘടകങ്ങളുടെ സാന്നിധ്യമുള്ള മരുന്നുകൾ ഒരു മാസ കാലയളവിലെക്കായി കൊണ്ടുവരുന്നതിനു മാത്രമാണ് ആരോഗ്യ ഡയറക്ടറേറ്റിൽ നിന്നും അനുവാദമുള്ളത്. ഇത്തരം സാന്നിധ്യമില്ലാത്ത സാധാരണ മരുന്നുകൾ മൂന്ന് മാസത്തേക്കും കൊണ്ടുവരാൻ അനുമതിയുണ്ട്.
സന്ദർശക വിസയിൽ രാജ്യത്തേക്ക് വരുന്നവർക്ക് ഒരു മാസക്കാലയളവോ, താമസിക്കുന്ന കാലയളവോ ഇവയിൽ ഇതാണ് കുറഞ്ഞ കാലാവധി അതനുസരിച്ച് മരുന്നുകൾ കൊണ്ടുവരാവുന്നതാണ്. ഇത്തരത്തിൽ മരുന്നുകൾ കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അടങ്ങിയ ചെക്ക് ലിസ്റ്റ് ചുവടെ നൽകുന്നു; 1. രോഗി നേരിട്ട് മരുന്ന് കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - രോഗിയുടെ പാസ്പോർട്ടിെൻറയും റെസിഡൻറ് കാർഡിെൻറയും പകർപ്പുകൾ, ചികിത്സ നടത്തുന്ന കേന്ദ്രത്തിലെ വിശദമായ റിപ്പോർട്ട്, കഴിക്കേണ്ട മരുന്നുകളുടെ ശാസ്ത്രീയ നാമം,കൃത്യമായ അളവും വിവരണവും (ആറു മാസത്തിനിടയിൽ ഉള്ളത് ഡോക്ടറുടെ കുറിപ്പ്, സീൽ പതിപ്പിച്ചത് സഹിതം).
രോഗിക്കായി മറ്റാരെങ്കിലും കൊണ്ടുവരുമ്പോൾ- രോഗിയുടെ പാസ്പോർട്ടിെൻറയും റെസിഡൻറ് കാർഡിെൻറയും പകർപ്പുകൾ, കൊണ്ടു വരുന്നയാളിെൻറ പാസ്പോർടിെൻറയും തിരിച്ചറിയൽ കാർഡിെൻറയും പകർപ്പുകൾ, രോഗിയുടെ സമ്മതപത്രം, മെഡിക്കൽ റിപ്പോർട്ട്, ഡോക്ടറുടെ വിശദമായ കുറിപ്പടി (ഒപ്പും സീലും ഉള്ളത്). മരുന്നുകൾ കൊണ്ടുവരുന്നവർക്ക് ബന്ധപ്പെട്ട രേഖകൾ നേരിട്ടോ, ആരോഗ്യ മന്ത്രാലയത്തിെൻറ ഇമെയിൽ ഐഡിയിലോ, ഫാക്സ് നമ്പറിലോ മുൻകൂറായി അയക്കാവുന്നതാണ്.
(ഒമാനിലെ പ്രവാസി സമൂഹത്തിന് നിയമങ്ങളെക്കുറിച്ചു അറിവ് നൽകുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. ആധികാരിക വിവരങ്ങൾക്ക് ഔദ്യോഗിക രേഖകളെ മാത്രം ആശ്രയിക്കുക)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.