മസ്കത്ത്: തൊഴിൽ താമസ നിയമങ്ങൾ ലംഘിച്ച് ഒമാനിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാൻ തൊഴിൽ വകുപ്പ് പ്രഖ്യാപിച്ച പദ്ധതിയുടെ കാലാവധി ഇൗ മാസം 31ന് അവസാനിക്കും. ആയിരങ്ങളാണ് പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തി നാടുകളിലേക്ക് മടങ്ങുന്നത്. ബംഗ്ലാദേശ് സ്വദേശികളാണ് മടങ്ങുന്നവരിൽ കൂടുതലും. ഇന്ത്യക്കാർ താരതമ്യേന കുറവാണ്. ഡിസംബർ പകുതിയിലെ കണക്കുകൾ പ്രകാരം മടങ്ങാൻ രജിസ്റ്റർ ചെയ്ത ബംഗ്ലാദേശ് സ്വദേശികളുടെ എണ്ണം മുപ്പതിനായിരം പിന്നിട്ടു. കുറഞ്ഞ വരുമാനക്കാരാണ് നാട്ടിലേക്ക് മടങ്ങുന്നവരിൽ ബഹുഭൂരിപക്ഷവും. ഇവരുടെ മടക്കം തങ്ങളുടെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് മലയാളികളടക്കം ചെറുകിട വ്യാപാരികൾ. ഇവർ ഇടപാടുകൾക്ക് കാര്യമായി ആശ്രയിച്ചിരുന്നത് ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും ഹോട്ടലുകളെയും കഫറ്റീരിയകളെയുമാണ്. ഇത്തരക്കാർ രാജ്യം വിടുന്നത് വൻ പ്രതിസന്ധിയായി മാറുമെന്നാണ് ചെറുകിട വ്യാപാരികളിൽ ചിലർ പറയുന്നത്.
പൊതുമാപ്പ് ഉപേയാഗപ്പെടുത്തുന്ന മലയാളികൾ തീരെ കുറവാണ്. എന്നാൽ, അനധികൃതമായി ഒമാനിൽ കഴിയുന്ന ബംഗ്ലാദേശ് സ്വദേശികൾ നിരവധിയാണ്. ദിവസക്കൂലിക്കും മറ്റും ജോലിയെടുക്കുന്ന ഇവർക്ക് കോവിഡ് സാഹചര്യത്തിൽ വരുമാനത്തിലുണ്ടായ കുറവും കൂട്ടമായി മടങ്ങുന്നതിന് കാരണമാണ്. കടുത്ത നടപടികൾ ഭയന്ന് കഴിഞ്ഞ പൊതുമാപ്പുകളിൽ നാട്ടിൽ പോകാത്തവർ പോലും ഇൗ പൊതുമാപ്പിൽ നാട്ടിൽ പോവുന്നുണ്ട്. ഡിസംബർ 31നുള്ളിൽ കൂടുതൽ പേർ രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്. പത്ത് വർഷത്തിൽ കൂടുതൽ നാട്ടിൽ പോവാതെ ഒമാനിൽ അനധികൃതമായി തങ്ങിയവരും മടങ്ങിയിട്ടുണ്ട്. ബംഗ്ലാദേശ് സ്വദേശികൾ ഏറ്റവും കൂടുതൽ തങ്ങുന്ന ഹമരിയ അടക്കം മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളെ പ്രതിസന്ധി കാര്യമായിതന്നെ ബാധിക്കാനിടയുണ്ട്.
നേരത്തെ മലയാളികളായിരുന്നു തങ്ങളുടെ പ്രധാന ഉപഭോക്താക്കളെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. എന്നാൽ, മലയാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും കുറഞ്ഞ വരുമാനത്തിൽ േജാലി ചെയ്യുന്നവർ രാജ്യം വിട്ടതും പ്രതികൂലമായി ബാധിച്ചിരുന്നു. അക്കാലത്ത് ബംഗ്ലാദേശി ഉപഭോക്താക്കളെ ഗൗനിക്കുക പോലും ചെയ്യാറുണ്ടായിരുന്നില്ലെന്ന് റൂവിയിലെ ഒരു വ്യാപാരി പറയുന്നു. ബംഗ്ലാദേശികൾ ഏറെ വില പേശുന്നവരും നിരവധി കടകളിൽ കയറിയിറങ്ങി വില അന്വേഷിക്കുന്നവരുമാണെന്നതാണ് കാരണം. എന്നാൽ, മലയാളി ഉപഭോക്താക്കൾ കുറഞ്ഞതോടെ ബംഗ്ലാദേശികളാണ് ചെറുകിട കടകൾക്കും കഫ്റ്റീരിയകൾക്കും ജീവൻ നൽകിയിരുന്നത്. ഏറെ വില പേശിയാലും അവസാനം പകുതി വിലക്കെങ്കിലും ഇവർ സാധനങ്ങൾ വാങ്ങുമായിരുന്നെന്ന് വ്യാപാരികൾ പറയുന്നു. ഇത് കണക്കിലെടുത്ത് വ്യാപാരികൾ ആദ്യംതന്നെ വില കൂട്ടി പറഞ്ഞാണ് വ്യാപാരം ഒപ്പിച്ചിരുന്നത്. ഒമാനിലെത്തുന്ന ചെറുപ്പക്കാരായ ബംഗ്ലാദേശികൾ ജീൻസ് അടക്കം വസ്ത്രങ്ങൾ നല്ല രീതിയിൽ അണിയുന്നവരാണ്. മുന്തിയ േഫാണുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവരിൽ ബഹുഭൂരിഭാഗവും കുറഞ്ഞ ശമ്പളക്കാരും മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഭക്ഷ്യ വസ്തുക്കൾ മാത്രം വാങ്ങാൻ പോകുന്നവരുമാണ്.
വൻ തോതിൽ ബംഗ്ലാദേശികൾ നാട്ടിലേക്ക് തിരിക്കുന്നത് കഫറ്റീരിയ മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന് റൂവിയിൽ കഫറ്റീരിയ നടത്തുന്ന കണ്ണൂർ സ്വദേശി പറഞ്ഞു. ഇവർ അധിക സമയവും നഗരത്തിൽ തമ്പടിക്കുന്നവരാണ്. ഇടക്കിടെ ചായ കുടിക്കുകയും ചെറിയ പലഹാരങ്ങൾ കഴിക്കുകയും ചെയ്യും. വലിയ ബിസിനസുകൾ നടന്നില്ലെങ്കിൽ ഇവരുടെ സാന്നിദ്ധ്യം ആശ്വാസമായിരുന്നു. അനധികൃതമായി തങ്ങുന്നവരിൽ വലിയ വിഭാഗം ശുചീകരണവും വാഹനം കഴുകൽ അടക്കമുള്ള മറ്റ് ചെറുകിട ജോലികളും ചെയ്യുന്നവരാണ്. ഏതായാലും ഇവരുടെ തിരിച്ചുപോക്ക് പൊതുവേ പ്രതിസന്ധി നേരിടുന്ന ചെറുകിട വ്യാപാര മേഖലക്ക് കൂടുതൽ തിരിച്ചടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.