മസ്കത്ത്: കുട്ടിക്കാലത്ത് കളിപ്പാട്ടങ്ങളോട് തോന്നുന്ന സ്വാഭാവികമായ കമ്പമായിരുന്നു പ്രണവ് ശിവകുമാറിന് കൊച്ചുകൊച്ചു കാറുകളോട് ഉണ്ടായിരുന്നത്. എന്നാൽ, ക്രമേണ ആ കാറുകളെ കുറിച്ച് അറിയാനും അതിെൻറ ഘടന മനസ്സിലാക്കാനും തുടങ്ങി. തുടർന്ന് കാറുകളുടെ ചിത്രങ്ങൾ വരച്ചുതുടങ്ങി. ഒടുവിൽ ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്ത് രണ്ടു മാസംകൊണ്ട് 110 കാറുകളുടെ ത്രിമാന ചിത്രങ്ങൾ വരച്ച് പ്രണവ് ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സിൽ ഇടം നേടുകയും ചെയ്തു. കുറഞ്ഞ സമയത്ത് ഏറ്റവുമധികം കാറുകളുടെ ത്രിമാന ചിത്രങ്ങൾ വരച്ച റെക്കോഡാണ് അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ പ്രണവ് സ്വന്തമാക്കിയത്.
എറണാകുളം സ്വദേശിയായ ശിവകുമാറിെൻറയും രമയുടെയും മകനാണ് പ്രണവ്. മൂന്നു വയസ്സുള്ളപ്പോൾതന്നെ കുട്ടിക്കാറുകളോട് പ്രണവിന് ഇഷ്ടമായിരുന്നെന്ന് മാതാവ് രമ പറയുന്നു. ഒട്ടേറെ കാറുകൾ ഇങ്ങനെ ശേഖരിച്ചു. പിന്നീട് കാറുകളെ സൂക്ഷ്മമായി നിരീക്ഷിക്കാനും ശേഷം വരക്കുവാനും തുടങ്ങി. നിരത്തിലൂടെ ഓടുന്ന കാറുകളും ഷോപ്പിങ് മാളുകളിലും പാർക്കിങ് ഏരിയകളിലും എല്ലാം കാണുന്ന സാധാരണ സലൂൺ കാറുകൾ മുതൽ റോൾസ് റോയ്സും ബെൻസും ലംബോർഗിനിയും ഫെരാറിയും എല്ലാംതന്നെ വരക്കുവാൻ തുടങ്ങി. കാറുകൾ വരക്കുന്നതിലെ വൈദഗ്ധ്യം മനസ്സിലാക്കിയത് ചിത്രകാരി കൂടിയായ അമ്മ രമയാണ്. കാറുകൾക്ക് പുറമെ പ്രശസ്ത വ്യക്തികളുടെ കാരിക്കേച്ചറുകളും വരക്കാൻ പ്രണവ് മിടുക്കനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി ശൈലജ ടീച്ചർ, മുൻ അമേരിക്കൻ പ്രസിഡൻറുമാരായ ബരാക്ക് ഒബാമ, ഡോണൾഡ് ട്രംപ് എന്നിവർക്ക് പുറമെ സിനിമ-കായികതാരങ്ങളുടെ കാരിക്കേച്ചറുകളും വരച്ചിട്ടുണ്ട്. സ്കൂളിലെ പ്രധാനാധ്യാപികയുടെയും അധ്യാപകരുടെയും എല്ലാം കാരിക്കേച്ചർ വരച്ച് അവരുടെ പ്രശംസ പിടിച്ചുപറ്റിയ കൊച്ചുമിടുക്കനാണ് പ്രണവ്.
ലോക്ഡൗൺ കാലത്ത് വരച്ച വിവിധ ചിത്രങ്ങൾക്കൊപ്പം നാട്ടിലെ വിവിധ റിയാലിറ്റി ഷോകളിലും പ്രണവ് ചിത്രങ്ങൾ വരച്ചിട്ടുണ്ട്. പത്ത് മിനിറ്റിനുള്ളിൽ പത്തു വിവിധ കാറുകളുടെ ത്രിമാന ചിത്രങ്ങളാണ് റിയാലിറ്റി ഷോകളിൽ വരച്ചത്. ഭാവിയിൽ കാറുകൾ രൂപകൽപ്പന ചെയുന്ന എൻജിനീയറാകാനാണ് താൽപര്യമെന്ന് പ്രണവ് പറയുന്നു. ഭംഗിക്കൊപ്പം സുരക്ഷക്കും പ്രാധാന്യം നൽകിയായിരിക്കും കാറുകൾ രൂപകൽപന ചെയ്യുക. പ്രത്യേകിച്ച് ഒരു കാറിനോടും മമതയില്ലെങ്കിലും ജർമൻ നിർമിത കാറുകളോടാണ് പ്രണവിന് കൂടുതൽ താൽപര്യം. കാറുകളുടെ അകത്തെ സജ്ജീകരണങ്ങൾ മനസ്സിലാക്കാൻ ഒമാനിൽ വർഷം തോറും നടക്കുന്ന മോട്ടോർ ഷോയിൽ പ്രദർശിപ്പിക്കുന്ന കാറുകൾ സഹായകരമാകാറുണ്ട്.കെ.ജി വിദ്യാർഥിനിയായ പ്രിയങ്കയാണ് പ്രണവിെൻറ സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.