ഒമാനിലെ തോട്ടത്തിൽ വിളഞ്ഞുനിൽക്കുന്ന മുന്തിരിക്കുലകൾ

ഒമാനിൽ മുന്തിരിക്കാലം; സഞ്ചാരികൾ പ്രവഹിക്കുന്നു

മസ്കത്ത്: ഒമാനിലിത് മധുരമുന്തിരിക്കാലം. ജൂൺ മുതൽ ആഗസ്റ്റ് വരെ മുന്തിരിവള്ളികൾ കായ്ക്കുന്ന ഒമാനിലെ മുന്തിരി സീസൺ അവസാനിക്കാറായി. മുദൈബി, സുമൈൽ, വാദി മിസ്തൽ എന്നിവിടങ്ങളിലെ മുന്തിരിത്തോട്ടങ്ങൾ ഏറെ പ്രശസ്തമാണ്. തോട്ടങ്ങളിൽ ബഹുവർണങ്ങളിൽ തൂങ്ങിയാടുന്ന മുന്തിരിക്കുലകളുടെ മനോഹാരിത ആസ്വദിക്കാനും വാങ്ങാനുമായി നിരവധി വിനോദ സഞ്ചാരികളാണ് സീസണിൽ എത്തുന്നത്. മുന്തിരിത്തോട്ടങ്ങളുടെ വികസനത്തിനും വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനുമായി കാർഷിക, മത്സ്യവിഭവ മന്ത്രാലയം നിരവധി നടപടികളാണ് എടുക്കുന്നത്. ഒമാനിൽ 25 ഏക്കർ സ്ഥലത്താണ് മുന്തിരി കൃഷി നടക്കുന്നത്. വടക്കൻ ശർഖിയയിൽ ഏഴ് ഏക്കർ, ദാഖിലിയ അഞ്ച് ഏക്കർ, ബാത്തിന അഞ്ച് ഏക്കർ, ദാഖിലിയ അഞ്ച് ഏക്കർ, ദോഫാർ മൂന്ന് ഏക്കർ എന്നിങ്ങനെയാണ് വിവിധ ഗവർണറേറ്റുകളിലെ മുന്തിരി കൃഷിയിടങ്ങൾ.

കാർഷിക ഉപകരണങ്ങൾ നൽകിയും നല്ലയിനം വിത്തുകൾ വിതരണം ചെയ്തും ആധുനിക രീതിയിലുള്ള കാർഷിക രീതികൾ പഠിപ്പിക്കാൻ ബോധവത്കരണ പരിപാടികൾ നടത്തിയും കാർഷിക മന്ത്രാലയം കർഷകർക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്.വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബി വിലായത്തിലെ അൽ റൗദ ഗ്രാമത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മുന്തിരികൃഷി നടക്കുന്നത്. ഈ ഗ്രാമത്തിലെ പ്രധാന കൃഷിയും മുന്തിരിയാണ്. 13,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് ഇവിടെ മുന്തിരികൃഷി നടക്കുന്നത്. ഒരു സീസണിൽ 14 ടണ്ണാണ് ഇവിടെനിന്ന് വിളവെടുക്കുന്നത്. 20,000 റിയാലാണ് മുന്തിരിയിൽനിന്ന് മാത്രമുള്ള ഈ ഗ്രാമത്തിലെ വാർഷിക വരുമാനം.

മുന്തിരിയിൽനിന്നുള്ള വരുമാനം വർധിക്കുന്നതോടെ വർഷംതോറും കൃഷിഭൂമി വർധിക്കുകയാണ്. ഗ്രാമത്തിലെ പരമ്പരാഗത ഫലജ് സംവിധാനവും കിണറുകളുമാണ് ജലസേചനത്തിനായി ഉപയോഗിക്കുന്നത്. കറുപ്പും വെള്ളയും ലബനീസും അടക്കം നിരവധി ഇനം മുന്തിരികൾ ഇവിടെ ലഭിക്കുന്നുണ്ട്. സീസൺ കാലത്ത് കിലോക്ക് ഒരു റിയാൽ മുതൽ ഒന്നര റിയാൽ വരെയാണ് വില. നഖൽ വിലായത്തിലെ വാദി മിസ്തലിലും നിരവധി മുന്തിരിത്തോട്ടങ്ങളുണ്ട്. നഖലിൽനിന്ന് റുസ്താഖിലേക്കുള്ള മാർഗമധ്യേയാണ് വാദി മിസ്തൽ. കൊടുംചൂടിൽ സന്ദർശകർക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഇവിടത്തെ മുന്തിരിത്തോട്ടങ്ങൾ. വാഹനങ്ങൾ നിർത്തിയശേഷം കാൽനടയായാണ് ഗ്രാമത്തിലെത്തേണ്ടത്. ഇവിടെ പാതയോരങ്ങളിലും മറ്റും തോട്ടങ്ങളിൽനിന്ന് പറിച്ചെടുത്ത മുന്തിരികൾ വിൽപനക്കു വെച്ചത് കാണാം.

Tags:    
News Summary - Tourists flock; Grape season in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.