മസ്കത്ത്: മസ്കത്തിലെ ബുർജ് അൽ സഹ്വയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. ദിവസവും രാവിലെ പ്രത്യേകിച്ച് സ്കൂൾ സമയം ആരംഭിക്കുന്ന വേളയിലാണ് തിരക്ക് കൂടുതൽ വർധിക്കുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലും നിരവധി പേർ പ്രതികരിക്കുന്നുണ്ട്. ‘#ബുർജ്-അൽ -സഹ്വ’ എന്ന ഹാഷ്ടാഗിലാണ് കാമ്പയിൻ നടക്കുന്നത്. നിരവധി പേർ ഗതാഗതക്കുരുക്ക് മൂലമുണ്ടാവുന്ന പ്രയാസങ്ങളാണ് പങ്കുവെക്കുന്നത്.
പല സമയത്തും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പലർക്കും ജോലി സ്ഥലത്തെത്താനും കുട്ടികൾക്ക് സ്കൂളിൽ എത്താനും വൈകുന്ന അവസ്ഥയാണുള്ളത്. ഇത് കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുന്നുണ്ട്. ഗതാഗത കുരക്ക് കുറക്കാനുള്ള ശ്രമങ്ങൾ തുടരുന്നതോടൊപ്പം തൊഴിൽ സമയത്തിൽ അയവുകൾ വരുത്തുകയും റൗണ്ട് എബൗട്ടിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുകയും ചെയ്തതെങ്കിലും അത് വേണ്ടത്ര വിജയിച്ചിട്ടില്ല.
ഇപ്പോൾ നിർമിച്ച ട്രാഫിക് സിഗ്നലുകൾ കൂടുതൽ പ്രയാസമുണ്ടാക്കിയതായാണ് ചിലർ വാദിക്കുന്നത്. ഗതാഗതക്കുരക്ക് കുറക്കാൻ പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്തണമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ബുർജ് അൽ സഹ്വ ഏറെ തന്ത്ര പ്രധാനമായ സ്ഥലമാണ്. മസ്കത്ത് ഗവർണറേറ്റിൽനിന്ന് മറ്റു നിരവധി ഗവർണറേറ്റുകളിലേക്കും മേഖലകളിലേക്കും തിരിഞ്ഞുപോവുന്ന പ്രധാന പോയന്റാണിത്.
ഇവിടെ ദിവസവും ആയിരക്കണക്കിന് ആളുകളാണ് കടന്നുപോവുന്നത്. അതോടൊപ്പം വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർധിക്കുന്നതും റോഡിൽ കുരുക്കിന് കാരണമാകുന്നു. ബുർജ് അൽ സഹ്വക്ക് ഏറെ പ്രധാന്യമുണ്ടെന്നും അത് ഒമാൻ നവോത്ഥാനത്തിന്റെ പ്രധാന അടയാളമായും ചിലർ പറയുന്നു.
എന്നാൽ അതിപ്പോൾ ഗതാഗതക്കുരുക്കിന്റെ പ്രധാന കേന്ദ്രമാണ്. പുതിയ റോഡും തൂക്കുപാലവും നിർമിക്കുക വഴി ഗതാഗതക്കുരുക്ക് കുറക്കാൻ കഴിയുമെന്നാണ് ചിലർ വിലയിരുത്തുന്നത്.
റൗണ്ട് എബൗട്ടിൽ നിലനിൽക്കുന്ന ഗതാഗതക്കുരുക്ക് നിത്യ ജീവിതത്തെ ബാധിക്കുന്നതായും 40 കിലോമീറ്റർ മാത്രം ദൂരത്തുള്ള ജോലി സ്ഥലത്തെത്താൻ രണ്ട് മണിക്കൂർ മുമ്പെങ്കിലും താമസ ഇടത്തുനിന്ന് പുറപ്പെടേണ്ടി വരുന്നതായി മാബേല ഏരിയയിലെ ചില താമസക്കാർ പറയുന്നു.
ഏറ്റവും അനുയോജ്യമായതും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിഹാരമാണ് ആവശ്യം. ബുർജ് അൽ സഹ്വയിൽ ആധുനിക രീതിയിലുള്ള ട്രാഫിക് സ്റ്റേഷൻ സ്ഥാപിക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
ഇതോടൊപ്പം പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുക, സുരക്ഷിതമായ ഡ്രൈവിങ്ങിനെക്കുറിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുക, കമ്പനികൾ ദൂരെ ഇരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം ഒരുക്കുക എന്നിവയും പരിഹാരാമയി നിർദ്ദേശിക്കുന്നവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.