സുഹാർ: യു.എ.ഇയിൽ സന്ദർശക വിസ മാറണമെങ്കിൽ രാജ്യം വിടണമെന്ന ഉത്തരവ് വന്നതോടെ ഒമാനിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. ഷാർജ, അബൂദബി എമിറേറ്റുകളിലാണ് നിർദേശം പ്രാബല്യത്തിൽവന്നത്. ഇതോടെയാണ് വിസ പുതുക്കുന്നതിനായി എമിറേറ്റ്സിന്റെ തൊട്ടടുത്ത പ്രദേശമായ ഒമാനിലേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നത്. ബസ് വഴിയും സ്വന്തം വാഹനത്തിലും ആകാശമാർഗവും എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.
അബൂദബിയിൽ 90 ദിവസത്തെ വിസിറ്റ് വിസ ലഭിച്ച ഒരാൾക്ക് രാജ്യം വിട്ടുപോകാതെതന്നെ ഓൺലൈനിൽ പുതുക്കുന്ന രീതി നിലവിലുണ്ടായിരുന്നു. ഇതാണ് നിർത്തലാക്കിയത്. ദുബൈയിൽ ഇപ്പോൾ വിസിറ്റ് വിസ പുതുക്കുന്നുണ്ടെങ്കിലും മറ്റു എമിറേറ്റ്സിനെ അപേക്ഷിച്ച് ചെലവ് കൂടുതലാണ്. അതിനാൽത്തന്നെ, വിസ തീയതി കഴിയുന്ന സമയത്ത് രാജ്യത്തുനിന്ന് പുറത്തുപോയി പുതിയ വിസയിൽ വരുകയേ വഴിയുള്ളൂ. ഇതിനാണ് ഏറ്റവും യാത്രച്ചെലവ് കുറവുള്ള രാജ്യമായ ഒമാൻ കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത്.
യു.എ.ഇ അതിർത്തി കടന്നുകഴിഞ്ഞ് വിസക്കുവേണ്ടി ഓൺലൈനിൽ അപേക്ഷിച്ചാൽ നാലുമുതൽ എട്ടു മണിക്കൂറിനുള്ളിൽ ലഭിക്കും. ഒമാനിലേക്ക് ബസ് മാർഗം എത്തുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന് സുഹാറിലെ അംബാറിൽ ട്രാവൽ ആൻഡ് ടൂറിസം കമ്പനി നടത്തുന്ന തലശ്ശേരി സ്വദേശി ബിനോയ് പറയുന്നു. ബസ് ചാർജ്, വിസ ചെലവ്, ഒരു ദിവസത്തെ താമസം അടക്കം ഒരു നിശ്ചിത തുക ഈടാക്കി ഒമാനിലേക്ക് ടൂറിങ് പ്ലാനുകളും ട്രാവൽ കമ്പനികൾ ഈ സമയത്ത് ഏർപ്പാട് ചെയ്യുന്നുണ്ട്.
അവർ ഒമാൻ അതിർത്തി കഴിഞ്ഞയുടൻ അഖർ, ലിവ, ഷിനാസ് എന്നിവിടങ്ങളിൽ താമസ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിസ ലഭിക്കുന്ന മുറക്ക് തിരിച്ചുള്ള യാത്ര സൗകര്യവും ലഭിക്കും എന്ന് ഫലജിലെ അൽസഫർ അൽസാദി ട്രാവൽസ് പ്രതിനിധി അഷ്റഫ് പറയുന്നു. ജോലിതേടി ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് യു.എ.ഇയിൽ ദിവസവും എത്തുന്നത്. നാട്ടിലേക്ക് മടങ്ങി വീണ്ടും തിരിച്ചുവരാൻ ഈ സീസൺടൈമിൽ വിമാനയാത്ര നിരക്ക് ഉയർന്നതാണ്. ഒമാനിലേക്കല്ലാതെ ബന്ധുക്കൾ ഉള്ള മറ്റു ജി.സി.സി രാജ്യങ്ങളിലേക്കും വിസമാറ്റത്തിനായി ആളുകൾ പോകുന്നുണ്ടെങ്കിലും സുൽത്താനേറ്റിലേക്കുള്ള യാത്രയാണ് കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത്. മുമ്പ് ഇറാനിലെ കിഷ് ദ്വീപിൽ വിസമാറ്റത്തിനായി ആളുകൾ പോയിരുന്നെങ്കിലും ഇപ്പോൾ അവിടേക്ക് യാത്രയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.