മസ്കത്ത്: ഫീസ് അടക്കാത്തതിനാൽ പ്രയാസപ്പെട്ട് കഴിഞ്ഞിരുന്ന മസ്കത്ത് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾക്ക് സഹായഹസ്തവുമായി പ്രമുഖ ധനവിനിമയ സ്ഥാപനമായ യൂനിമണി. സാമ്പത്തിക പ്രയാസം നേരിടുന്ന കുട്ടികളുടെ ആദ്യപാദ ഫീസാണ് കൈമാറിയത്. റൂവിയിലെ യൂനിമണി ഓഫിസിൽ നടന്ന ചടങ്ങിൽ യൂനിമണി എക്സ്ചേഞ്ച് സി.ഇ.ഒ എം.പി.ബോബൻ സാമൂഹിക പ്രവർത്തകൻ ഡോ.സജി ഉതുപ്പാൻ, ഗൾഫ് മാധ്യമം പ്രതിനിധി ടി.കെ.മുഹമ്മദ് അലി എന്നിവർക്ക് ചെക്ക് കൈമാറി.
ചടങ്ങിൽ ഗൾഫ് മാധ്യമം സർക്കുലേഷൻ കോഓർഡിനേറ്റർ മുഹമ്മദ് നവാസ്, മുഹമ്മദ് അഫ്സൽ, ജസ്ല മുഹമ്മദ്, ഫെബിൻജോസ് എന്നിവർ പങ്കെടുത്തു. ഇത്തരം പദ്ധതിയിൽ ഗൾഫ് മാധ്യമവുമായി സഹകരിക്കാൻ കഴിഞ്ഞതിൽ യൂനിമണിക്ക് സന്തോഷമുണ്ടെന്നും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി കമ്പനി ഇനിയും മുന്നോട്ട് വരുന്നതാണെന്നും സി.ഇ.ഒ എം.പി. ബോബൻ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ പഠനത്തിന് കൈത്താങ്ങായുള്ള പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ഡോ. സജി ഉതുപ്പാൻ അഭിപ്രായപ്പെട്ടു. ഫീസ് അടക്കാത്തതിനാൽ മസ്കത്ത് ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികൾ പ്രയാസപ്പെടുന്നതിനെക്കുറിച്ച് ‘ഗൾഫ് മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് യൂനിമണി സഹായവുമായെത്തിയിരിക്കുന്നത്. സാമൂഹിക പ്രവർത്തകരും മറ്റും നൽകിയ വിദ്യാർഥികളുടെ പട്ടികയിൽനിന്ന് അർഹരായവർക്കാണ് ഫീസ് ആനുകൂല്യം നൽകിയത്.
രക്ഷിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് വിവിധ ക്ലാസുകളിലായി ധാരാളം വിദ്യാർഥികളുടെ പഠനം അവതാളത്തിലാകുമായിരുന്നു. ബിസിനസ് തകർന്നതും മറ്റു സാമ്പത്തിക പ്രതിസന്ധികളുമാണ് ഫീസടക്കാൻ കഴിയാത്തതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കോവിഡ് പ്രതിസന്ധിമൂലമുണ്ടായ സാമ്പത്തിക ഞെരുക്കത്തിൽനിന്ന് മലയാളികളടക്കമുള്ള പ്രവാസികൾ പലരും ഇനിയും മോചിതരായിട്ടില്ല. കുടുംബവുമായി കഴിയുന്നവർ കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങൾ മുണ്ടുമുറുക്കിയാണ് നിറവേറ്റിപ്പോരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.