മസ്കത്ത്: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത് പദ്ധതിയുടെ ഒമാനിൽനിന്നുള്ള അടുത്തഘട്ട സർവിസുകൾ പ്രഖ്യാപിച്ചു. ആകെ 23 സർവിസുകളാണുള്ളത്. ഇതിൽ എെട്ടണ്ണം കേരളത്തിലേക്കാണ്. ആഗസ്റ്റ് 16 മുതൽ 31 വരെയാണ് സർവിസുകൾ. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് രണ്ട് സർവിസുകൾ വീതമുണ്ട്. ഡൽഹി, മുംബൈ, ഗോവ, ചെന്നൈ, ബംഗളൂരു/മംഗളൂരു, വിജയവാഡ, തിരുച്ചിറപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് മറ്റു സർവിസുകൾ. എല്ലാ വിമാനങ്ങളും മസ്കത്തിൽനിന്നാണ്.
ആഗസ്റ്റ് 16ന് ഗോവ/മുംബൈയിലേക്കാണ് ആദ്യ വിമാനം. കേരളത്തിലേക്കുള്ള ആദ്യ സർവിസ് ആഗസ്റ്റ് 17ന് കോഴിക്കോടിനാണ്. 20ന് കണ്ണൂരിനും 22ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും വിമാനങ്ങളുണ്ട്. 27ന് കണ്ണൂരിനാണ് അടുത്ത വിമാനം. 28ന് തിരുവനന്തപുരത്തിനും 30ന് കൊച്ചിയിലേക്കും 31ന് കോഴിക്കോടിനുമാണ് സർവിസുകൾ. പുതിയ ഘട്ടത്തിൽ മടങ്ങാൻ താൽപര്യമുള്ളവർ ഇന്ത്യൻ എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലുള്ള ഗൂഗിൾ ഫോറം പൂരിപ്പിച്ച് നൽകണം. ഇങ്ങനെ നൽകുന്നവരുടെ പട്ടിക എയർഇന്ത്യക്ക് കൈമാറും. തുടർന്ന് ടിക്കറ്റെടുക്കാൻ എയർഇന്ത്യയിൽനിന്ന് നേരിട്ട് ബന്ധപ്പെടുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഒാൺലൈൻ ഫോറം പൂരിപ്പിച്ച് നൽകുന്നവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ എയർഇന്ത്യയുടെ റൂവി, വതയ്യ ഒാഫിസുകളിലും നേരിട്ട് ബന്ധപ്പെടുകയും ചെയ്യാവുന്നതാണ്. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് ഇങ്ങനെ ടിക്കറ്റ് നൽകുക. അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് മുൻഗണനയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.