മസ്കത്ത്: കീടനാശിനി അംശം കുറയുകയും ഗുണനിലവാരം വർധിക്കുകയും ചെയ്തതോടെ മേഖലയിൽ ഒമാന്റേത് മികച്ച പച്ചക്കറിയായി മാറുന്നു. ഇത് സുൽത്താനേറ്റിന്റെ പച്ചക്കറിയുടെ കയറ്റുമതി വർധിക്കാൻ കാരണമാക്കുമെന്നാണ് കാർഷിക മേഖലയുമായി ബന്ധപ്പെട്ടവർ വിലയിരുത്തുന്നത്.യു.എ.ഇ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലേക്കാണ് നിലവിൽ ഒമാൻ പച്ചക്കറി കയറ്റുമതി ചെയ്യുന്നത്.
രണ്ടു വർഷം മുമ്പാണ് ഒമാൻ കാർഷിക മന്ത്രാലയം പച്ചക്കറിയുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ തുടങ്ങിയത്. ഇതിന്റെ ഭാഗമായി കീടനാശിനികൾക്ക് വൻ നിയന്ത്രണമാണ് നടപ്പാക്കിയത്.രണ്ടു വർഷം മുമ്പ് സർക്കാർ നടപ്പാക്കിയ കീടനാശിനി നിയന്ത്രണങ്ങൾ കാർഷിക മേഖലക്ക് അനുഗ്രഹമായതായി സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. നിലവിൽ വീര്യംകുറഞ്ഞ സർക്കാർ അംഗീകൃത കീടനാശിനികൾ മാത്രമേ ഒമാനിൽ ഉപയോഗിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വീര്യംകൂടിയ പല കീടനാശിനികളും കിട്ടാൻ പോലുമില്ല. മാത്രമല്ല, ഇത്തരം കീടനാശിനികൾ ഉപയോഗിക്കുന്ന ഫാമുകൾക്കെതിരെ നടപടിയും ഉണ്ടാവും. അനധികൃത കീടനാശിനികൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ അധികൃതർ ഫാമുകളിൽ പരിശോധനയും നടത്തുന്നുണ്ട്ഇതോടെ കീടനാശിനി അളവ് പരിശോധനയിൽ ഒമാൻ പച്ചക്കറി മികച്ച നിലവാരത്തിലെത്തുകയായിരുന്നു.മൂന്നു വർഷം മുമ്പ് വരെ ഒമാന്റെ പച്ചക്കറിയിൽ കീടനാശിനി അംശം കൂടുതലായിരുന്നു. ഇത് കാരണം കയറ്റുമതിയെയും പ്രതികൂലമായി ബാധിച്ചിരുന്നു. പിന്നീടാണ് ഗുണനിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കീടനാശിനി പരിശോധന മന്ത്രാലയം അധികൃതർ ആരംഭിച്ചത്.
പച്ചക്കറി ഉൽപാദനം വർധിച്ചു; വില കുറയുന്നു
മസ്കത്ത്: ഈ വർഷം കാർഷിക മേഖലക്ക് അനുകൂലമായ കാലാവസ്ഥ ലഭിച്ചതിനാൽ ഉൽപാദനം വർധിച്ചു. ഒമാന്റെ കാർഷികവിഭവങ്ങൾ വിപണിയിലെത്താൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ പച്ചക്കറിവിലയും കുറയാൻ തുടങ്ങിയിട്ടുണ്ട്. ഡിസംബറോടെ കൂടുതൽ വിഭവങ്ങൾ വിപണിയിലെത്തും. ഇതോടെ പച്ചക്കറിവില ഇനിയും കുറയാനാണ് സാധ്യത. എന്നാൽ, തക്കാളി വിപണിയിലെത്തിയിട്ടില്ല. അതിനാൽ ജോർഡൻ തക്കാളിയാണ് ഇപ്പോൾ മാർക്കറ്റിലുള്ളത്.
ഡിസംബർ പകുതിയോടെ ഒമാൻ തക്കാളി വിപണിയിലെത്തും ഒമാന്റെ കാപ്സിക്കം, വെള്ളരി, വഴുതന, പയർ, പടവലം, കുമ്പളം, വെണ്ട തുടങ്ങിയ വിഭവങ്ങൾ വിപണിയിലെത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ ഒമാനി പച്ചക്കറി വിഭവങ്ങൾ വിപണിയിലെത്തും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.