മസ്കത്ത്: പഴം, പച്ചക്കറി ഇറക്കുമതി നിരോധനം സംബന്ധിച്ച് ഒമാൻ, യു.എ.ഇ അധികൃതർ ചർച്ച നടത്തിയതായി കാർഷിക, ഫിഷറീസ് മന്ത്രാലയം അറിയിച്ചു. ഒമാൻ, ഈജിപ്ത്, ജോര്ഡന്, ലബനാന്, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതിക്ക് അടുത്തമാസം 15 മുതൽ നിരോധമേർപ്പെടുത്തുമെന്നാണ് യു.എ.ഇ കാലാവസ്ഥാ, പരിസ്ഥിതി കാര്യ മന്ത്രാലയം അറിയിച്ചത്. കാർഷിക, ഫിഷറീസ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് ബിൻ നാസർ അൽ ബക്രിയും ഒമാനിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് അൽ സുവൈദിയുമാണ് കൂടിക്കാഴ്ച നടത്തിയത്.
നിരോധനത്തിെൻറ വിശദ വിവരങ്ങൾക്ക് പുറമെ ഉയർന്ന തോതിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ ഉൽപന്നങ്ങളുടെ സാമ്പിളുകൾ ലഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചർച്ചയിൽ ഉയർന്നു.
ഉൽപന്നങ്ങളിലെ കീടനാശിനിയുടെ അളവ് സംബന്ധിച്ച കണക്കുകൾ 2010 മുതൽ ഇരു രാഷ്ട്രങ്ങളിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങൾ പങ്കുവെച്ചുവരുന്നതായി ഡോ.അൽ ബക്രി ചർച്ചയിൽ ചൂണ്ടിക്കാണിച്ചു. ഇതനുസരിച്ച് കൃഷിയിടങ്ങളിൽ പരിശോധന ശക്തമാക്കുകയും അനുബന്ധ മാനദണ്ഡങ്ങൾ കർക്കശമാക്കുകയും ചെയ്തിട്ടുണ്ട്. ജി.സി.സി രാഷ്ട്രങ്ങൾ തമ്മിലെ പൊതുധാരണ പ്രകാരവും മറ്റും ഉപയോഗം നിരോധിച്ചതും നിയന്ത്രിത ഉപയോഗം നിലവിലുള്ളതുമായ കീടനാശിനികളെ കുറിച്ചും അംബാസഡർക്ക് വിശദീകരിച്ച് നൽകി. കീടനാശിനി രജിസ്ട്രേഷൻ, ലബോറട്ടറി പരിശോധനകൾ തുടങ്ങിയവയുടെ നടപടിക്രമങ്ങളും അംബാസഡർക്ക് മനസ്സിലാക്കിക്കൊടുത്തു.
ജി.സി.സി രാഷ്ട്രങ്ങൾ തമ്മിൽ ഇറക്കുമതിയും കയറ്റുമതിയും നടത്തുന്ന കാർഷികോൽപന്നങ്ങളുടെ സുരക്ഷയും നിലവാരവും ഉറപ്പാക്കുന്നതിനായുള്ള സഹകരണം തുടങ്ങുന്നത് സംബന്ധിച്ച ഒമാൻ മന്ത്രാലയത്തിെൻറ കാഴ്ചപ്പാട് യു.എ.ഇ കാലാവസ്ഥാ, പരിസ്ഥിതികാര്യ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് അംബാസഡർ പറഞ്ഞു. ഒമാനിൽനിന്നുള്ള നാരങ്ങ, കാരറ്റ്, വാട്ടര്‍ ക്രെസ് എന്നിവയാണ് നിരോധിത ഉൽപന്നങ്ങളുടെ പട്ടികയിൽ വരുക. ഒമാനിൽ ഉൽപാദിപ്പിക്കുന്ന 98 ശതമാനം കാർഷിക ഉൽപന്നങ്ങളിലും കീടനാശിനികളുടെ സാന്നിധ്യം അന്താരാഷ്ട്ര തലത്തിൽ അനുവദനീയമായതിലും താഴെയാണെന്ന് അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ കൃഷിത്തോട്ടങ്ങളിലെയും മറ്റും നിരീക്ഷണം കർക്കശമാക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.