മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിൽ നഖൽ വിലായത്തിലെ വക്കാൻ ഗ്രാമത്തിൽ ആപ്രിക്കോട്ട് സീസണിന് തുടക്കമാകുന്നു. ഫെബ്രുവരി ആദ്യം മുതലാണ് ആപ്രിക്കോട്ട് മരങ്ങൾ പൂവിട്ട് തുടങ്ങിയത്. ഇതോടെ ഗ്രാമത്തിന്റെ രൂപഭംഗി തന്നെ മാറി. മരങ്ങളിൽ പൂക്കൾ വിരിഞ്ഞതോടെ വെള്ള പുതപ്പണിഞ്ഞ പ്രതീതിയായി വക്കാന്‍. ഈ മനോഹാരിത ആസ്വദിക്കാനും കാമറകളിൽ ഒപ്പിയെടുക്കാനും നിരവധി സന്ദർശകരാണ് എത്താറുള്ളത്. സമുദ്രനിരപ്പിൽനിന്ന് 2,000 മീറ്റർ ഉയരത്തിൽ, പടിഞ്ഞാറൻ ഹജർ പർവതനിരകളിൽ സ്ഥിതിചെയ്യുന്ന വക്കാൻ ഗ്രാമം മസ്കത്തിൽനിന്ന് 150 കി.മീറ്റർ അകലെയാണ്. മിതമായ വേനൽക്കാലവും കുറഞ്ഞ ശൈത്യകാലവും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. രാസപദാർഥങ്ങൾ ഒന്നും ചേർക്കാതെ വളരുന്ന ആപ്രിക്കോട്ട് വിളകൾക്ക് പേരുകേട്ടതാണ് ഈ ചെറിയ ഗ്രാമം.
മുന്തിരി, മാതളനാരങ്ങ, ഈന്തപ്പന, പൂക്കൾ, നാട്ടുവൈദ്യത്തിൽ ഉപയോഗിക്കുന്ന പർവത സസ്യങ്ങൾ എന്നിവയും ഗ്രാമത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. പഴങ്ങളുടെ വിളവെടുപ്പ് കാലമായ മേയ് പകുതി മുതൽ ആഗസ്റ്റ് അവസാനം വരെയാണ് വക്കാൻ സന്ദർശിക്കാൻ അനുയോജ്യമായ സമയം.
സുൽത്താനേറ്റിലെ ആപ്രിക്കോട്ടും പീച്ചും വളരുന്ന ചുരുക്കം ചില പ്രദേശങ്ങളിലൊന്നാണിത്. ഏപ്രിൽ പകുതിയോടെയാണ് പഴങ്ങൾ പാകമാകാൻ തുടങ്ങുക. വിളവെടുപ്പ് ഒരു മാസം മുതൽ ഒന്നരമാസം വരെ തുടരും. പ്രാദേശിക കർഷകർ തങ്ങളുടെ വിളകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കും സൂഖ് നഖിലും സമീപത്തെ മാർക്കറ്റുകളിലും വിൽക്കും. ഒത്തിണങ്ങിയ കാലാവസ്ഥയായതിനാൽ കർഷകർക്ക് മികച്ച വിളവ് നേടാനും അതുവഴി വാണിജ്യപരമായി നേട്ടങ്ങൾ കൊയ്യാനും സാധിക്കുന്നു.
വക്കാന്‍ പുറമെ ഹദാഷ്, അൽ ഖൗറ എന്നീ ഗ്രാമങ്ങളിലും ആപ്രിക്കോട്ട് മരങ്ങൾക്ക് വളരാൻ അനുയോജ്യമായ കാലാവസ്ഥയാണുള്ളത്. തണുത്ത ശരത്കാലവും ചെറിയ ചൂടുള്ള വേനൽ കാലവും ആപ്രിക്കോട്ട് മരങ്ങൾക്ക് ഏറെ അനുയോജ്യമാണ്. ഡിസംബറിൽ തന്നെ കർഷകർ ആപ്രിക്കോട്ട് മരങ്ങളുടെ ഇലകൾ വെട്ടിയൊതുക്കിയും മറ്റും നല്ല വിളകൾക്കായി സജ്ജമാക്കാൻ തുടങ്ങും. ഫെബ്രുവരിയിലാണ് മരങ്ങൾ പൂവിടാൻ തുടങ്ങുന്നത്. ഏപ്രിൽ പകുതിയോടെയാണ് കായകൾ വിളവെടുക്കാൻ തുടങ്ങുന്നത്. വിളവെടുപ്പ് കഴിഞ്ഞ് ജൂണിൽ മരങ്ങളിൽ വളങ്ങളും മറ്റും നൽകി പുഷ്ടിപ്പെടുത്താൻ തുടങ്ങും. മരങ്ങളെ സംരക്ഷിക്കുന്നുതോടൊപ്പം പഴം ഉണ്ടായതു മൂലം കേടുവന്ന ശിഖരങ്ങൾ വെട്ടിമാറ്റുകയും ചെയ്യും.
കഴിഞ്ഞ വർഷം 32,000 വിനോദസഞ്ചാരികളായിരുന്നു വക്കാനിൽ എത്തിയിരുന്നത്. രാജ്യത്തെ പ്രധാന ടൂറിസം സ്ഥലമായ വക്കാന്റെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മന്ത്രിസഭായോഗത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് മന്ത്രിതല സംഘം ഗ്രാമത്തിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.