രാജ്യത്തെ ഗ്രാമ പ്രദേശങ്ങളിൽ നടന്ന പെരുന്നാൾ ആഘോഷങ്ങളിൽനിന്ന് -സുഹാന ഷെമീം
മസ്കത്ത്: കോവിഡ് ഭീതി ഒഴിഞ്ഞ അന്തരീക്ഷത്തിൽ സ്വദേശി പെരുന്നാൾ ആഘോഷം ഗ്രാമങ്ങളിൽ പൂർവാധികം പൊലിമയോടെ തിരിച്ചു വന്നു. പുലർച്ചെ മുതൽ ഉച്ചവരെ നീണ്ടുനിന്ന ആഘോഷ പരിപാടിയിൽ കുടുംബങ്ങളിലെ മുതിർന്നവരും കുട്ടികളും, ഉന്നത ഉദ്യോഗസ്ഥനും സാധാരണക്കാരൻവരെ പങ്കെടുത്തു. ഒട്ടേറെ വിദേശികളെയും സ്നേഹപൂർവം സ്വദേശികൾ ഈദ് ആഘോഷത്തിന് ക്ഷണിച്ചിരുന്നു.
സ്വദേശികളുടെ സ്നേഹം, സഹകരണം, ആതിഥ്യ മര്യാദ എല്ലാം ഒരുകുടക്കീഴിൽ അണിനിരന്ന ഒന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന ചെറിയ പെരുന്നാൾ ആഘോഷം. ഇത്തവണ നിയന്ത്രണങ്ങൾക്കു വിധേയമായി ഈദ് ഗാഹുകൾക്കു അനുമതി ഉണ്ടെന്നു അറിഞ്ഞ സമയം മുതൽക്കുതന്നെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പെരുന്നാൾ ദിവസം സുബഹി നമസ്ക്കാരം കഴിഞ്ഞു അൽപ സമയത്തിനുള്ളിൽ തന്നെ ഗ്രാമങ്ങളിലേക്ക് കുട്ടികൾ മുതൽ പ്രായമായവർവരെ ഒഴുകാൻ തുടങ്ങി. ഈദ് ആശംസകൾ കൈമാറി ലഘു ഭക്ഷണവും കഴിച്ച് പാട്ടും വാദ്യഘോഷങ്ങളുമായായിരുന്നു ഈദ് ഗാഹിലേക്കക്ക് സംഘങ്ങളായി എത്തിയിരുന്നത്. വലിയ മൈതാനത്തു നടന്ന ഈദ് നമസ്ക്കാരത്തിനും ഖുതുബക്കും ശേഷമാണ് പെരുന്നാൾ ആഘോഷം നടന്നത്. വാദ്യഘോഷങ്ങൾ, പരമ്പരാഗത നൃത്തങ്ങൾ എന്നിവക്ക് പുറമെ ആകാശത്തേക്ക് വെടിയുതിർത്തുമാണ് ആഘോഷത്തിന് പൊലിമ കൂട്ടിയത്. കഴിഞ്ഞ കാലങ്ങളിൽ വീടുകളിൽ മാത്രം ഒതുങ്ങിപ്പോയ പെരുന്നാൾ ആഘോഷം പുറത്തേക്കു അണപൊട്ടിയൊഴുകി.
പങ്കുവെക്കുന്നിടത്തോളം വർധിക്കുന്ന ഒന്നാണ് സന്തോഷം എന്നതിനെ അടിവരയിടുന്ന രീതിയിൽ പാട്ടും, നൃത്തവുമായി ഏകദേശം ഉച്ചവരെ ആഘോഷം നീണ്ടു നിന്നു. പരമ്പരാഗത രീതിയിലുള്ള ഒമാനി കാവയും ഈത്തപ്പഴവും ഹലുവയും കഴിച്ചാണ് എല്ലാവരും യാത്രയായത്. ഉച്ചക്ക് വിഭവ സമൃദമായ ഭക്ഷണത്തിനു ശേഷം കുടുംബ സന്ദർശനവും ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ബന്ധുക്കൾക്കും, സുഹൃത്തുകൾക്കും ഈദ് ആശംസകൾ നേരാനുമായാണ് ബാക്കി സമയം നീക്കിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.