മസ്കത്ത്: കോവിഡ് മഹാമാരിയുടെ ഭീതിയിൽ നിറംമങ്ങിപ്പോയ കഴിഞ്ഞ രണ്ടുവർഷത്തെ വിഷു ആഘോഷങ്ങൾക്ക് വിട. മലയാളിയുടെ കാർഷിക സമൃദ്ധിയുടെ ഉത്സവമായ വിഷു ഇത്തവണ പ്രവാസലോകത്തും കെങ്കേമമായി തന്നെ ആഘോഷിച്ചു. വിഷു വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച ആയത് കുടുംബമായി താമസിക്കുന്ന പ്രവാസികളുടെ ആഘോഷത്തിന് മാറ്റുകൂട്ടി. വ്യാഴാഴ്ച രാത്രി ഹൈപ്പർ മാർക്കറ്റുകളിലും മറ്റു സ്ഥാപനങ്ങളിലും അഭൂതപൂർവമായ തിരക്ക് അനുഭവപ്പെട്ടു. സദ്യക്കും കണിക്കുമുള്ള എല്ലാ വിഭവങ്ങളും നാട്ടിൽനിന്നും വരുത്തി ഹൈപ്പർ മാർക്കറ്റുകളും പൂർണമായ തോതിൽ സജ്ജമായിരുന്നു. ഇത്തവണ വീടുകളിൽതന്നെ കണി ഒരുക്കിയും വിഷു കൈനീട്ടം നൽകിയും സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചുള്ള സദ്യയും ഒരുക്കിയാണ് പ്രവാസി കുടുംബങ്ങൾ വിഷു ആഘോഷിച്ചത്.
അതിരാവിലെ തന്നെ സുഹൃത്തുക്കളുടെയും നഗരത്തിലുള്ള ബന്ധുക്കളുടെയും വീടുകളിലേക്ക് കൈനീട്ടവുമായി എത്തി. മസ്കത്ത് നഗരത്തിലെ ദാർസൈത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഷുക്കണി ദർശിക്കാനും പ്രാർഥിക്കുവാനും നൂറുകണക്കിന് മലയാളികളാണ് എത്തിയത്. ക്ഷേത്രത്തിൽ വിഷു പ്രമാണിച്ച് പ്രത്യേക പൂജയും ഉണ്ടായിരുന്നു. റമദാൻ മാസം ആയതിനാൽ മിക്ക ഹോട്ടലുകളിലും വിഷുസദ്യ ഇല്ലാഞ്ഞത് ബാച്ചിലേഴ്സിന് ബുദ്ധിമുട്ടുണ്ടാക്കി. എന്നാൽ, ചുരുക്കം ചില ഹോട്ടലുകളൂം ഹൈപ്പർ മാർക്കറ്റുകളും വിഷുസദ്യ പാർസൽ നൽകിയത് ഇവർക്ക് ആശ്വാസമായി.
റമദാനിൽ പരിമിതമായ സമയം മാത്രം ഹോട്ടലുകൾ പ്രവർത്തിക്കുന്നതിനാൽ പാചകക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർ നാട്ടിൽപോയതിനാലാണ് വിപുലമായി വിതരണം നടത്താതിരുന്നതെന്ന് നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ മാനേജർ പറഞ്ഞു. എന്നാൽ, ബാച്ചിലേഴ്സിനെ സംബന്ധിച്ച് റമദാൻ മാസം ആയതിനാൽ വിഷുവിനു വേണ്ടത്ര പൊലിമ ഉണ്ടായില്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം. വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.