മസ്കത്ത്: സ്വിസ്റ്റർലൻഡ് പ്രസിഡന്റിന്റെ പത്നി മ്യൂറിയൽ സീന്ദർ ബെർസെറ്റ് മത്ര സൂഖും റോയൽ ഓപറ ഹൗസും സന്ദർശിച്ചു. ഒമാനിലെ ചരിത്ര പ്രസിദ്ധമായ സൂഖിലെത്തിയ മ്യൂറിയൽ സീന്ദർ ബെർസെറ്റ് കരകൗശല വസ്തുക്കൾ, വെള്ളി പാത്രങ്ങൾ, ഖഞ്ചറുകൾ, പരമ്പരാഗത ആയുധങ്ങൾ, വസ്ത്രങ്ങൾ, ഒമാനി ഹൽവ, മധുരപലഹാരങ്ങൾ, വിവിധ സുഗന്ധദ്രവ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പുരാതനവും ആധുനികവുമായ വസ്തുക്കൾ കണ്ടു.
മാർക്കറ്റിന്റെ ഇടനാഴികളും ഇടവഴികളും പര്യവേക്ഷണം ചെയ്യുകയും ഒമാനി പരിസ്ഥിതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച അതിന്റെ അലങ്കാരങ്ങൾ വീക്ഷിക്കുകയും ചെയ്തു. സുൽത്താനേറ്റിലെ ഏറ്റവും പഴക്കം ചെന്ന മാർക്കറ്റുകളിലൊന്നാണ് മത്ര സൂഖ് . ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞതുമായ ഇടനാഴികളും തടികൊണ്ടുള്ള മേൽക്കൂരയും മറ്റുമാണ് അതിനെ വ്യത്യസ്തമാക്കുന്നത്.
റോയൽ ഓപറ ഹൗസിലെത്തിയ അതിഥിക്ക് അതിന്റെ വകുപ്പുകൾ, സൗകര്യങ്ങൾ, വർഷം മുഴുവനുമുള്ള അതിന്റെ കലാ പ്രകടനങ്ങൾ, പരിപാടികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. അന്താരാഷ്ട്ര സംഗീതക്കച്ചേരി മേഖലയിൽ ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങളും അവർ ശ്രദ്ധിച്ചു. ഓപറ ഹൗസിലെ വാസ്തുവിദ്യാ സമൃദ്ധിയും ഒമാനി സാംസ്കാരിക പൈതൃകത്തെ മറ്റ് വിവിധ സംസ്കാരങ്ങളുമായി സമന്വയിപ്പിക്കുന്ന എൻജിനീയറിങ് രൂപകൽപനയും അതിഥിക്ക് പരിചയപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ അഹമ്മദ് അൽ ഷിബാനിയും മറ്റും അതിഥിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.